നെയ്യാറ്റിൻകര : കാരോട് പഞ്ചായത്തിലെ 19 വാർഡുകളിലും കമ്മ്യൂണിറ്റി കിച്ചൻ വഴി ഉച്ച ഭക്ഷണമെത്തിച്ച് മാതൃകാപരമായ പ്രവർത്തനം നടത്തി വരുന്ന കാരോട് ഗ്രാമപഞ്ചായത്തിനെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നതായി പഞ്ചായത്ത് ഭരണ സമിതിയും പഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു.
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ വാർഡുകളിലും ഒരാഴ്ച കൊണ്ട് 2500 ലധികം പേർക്ക് ഉച്ചഭക്ഷണവിതരണം ചെയ്തു. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത വോളിന്ററുകളാണ് എല്ലാ വാർഡുകളിലും ഉച്ച ഭക്ഷണമെത്തിക്കുന്നത്. പ്രതിപക്ഷ അംഗങ്ങൾക്ക് പോലും പരാതിയില്ലെന്നിരിക്കെയാണ് അടിസ്ഥാന രഹിതമായ പ്രചരണം നടത്തുന്നതെന്ന് ഭരണ സമിതി ആരോപിച്ചു.
പുതുശേരി വാർഡിലെ അർഹതപ്പെട്ടവർക്ക് ഉച്ച ഭക്ഷണം നൽകാനെത്തിയ വോളന്റിയർമാർ വാർഡുമെമ്പർ തടസപ്പെടുത്തുകയായിരുന്നു. പകരം ആരോഗ്യവകുപ്പിന്റെ സുരക്ഷ മാനദണ്ഡം പാലിക്കാതെയും പഞ്ചായത്തിനെ അറിയിക്കാതെയും ആ വാർഡിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. അതേ സമയം ഇപ്പോഴും കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും പുതുശേരി വാർഡിലെ അർഹതപെട്ടവർക്ക് ഉച്ചഭക്ഷണം നൽകി വരുന്നതായും കാരോട് ഗ്രാമപഞ്ചായത് ഭരണ സമിതി അറിയിച്ചു.