തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ നീട്ടിയാൽ സംസ്ഥാനത്തെ കർഷകരും കാർഷികമേഖലയും പാടെ പ്രതിസന്ധിയിലാവും. ലോക്ക് ഡൗണിൽ നിന്നൊഴിവാക്കിയ അവശ്യവിഭാഗങ്ങളുടെ പട്ടികയിൽ കാർഷിക മേഖലയെയും കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും തൊഴിലാളികളെ കിട്ടാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ ശ്വാസംമുട്ടുകയാണ് കാർഷികരംഗം.
2018ലെയും 19ലെയും പ്രളയത്തിൽ തകർന്ന കേരളത്തിലെ കാർഷിക മേഖല ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് കൊവിഡ് 19 വന്നത്. നേരിട്ടുള്ള കാർഷികവൃത്തിയെ തടയുന്നില്ലെങ്കിലും ലോക്ക് ഡൗൺ മൂലം ഏതാണ്ട് എല്ലാ കാർഷിക പ്രവർത്തനവും നിലച്ച മട്ടാണ്.
പല ഭക്ഷ്യവിളകളുടെയും നാണ്യവിളകളുടെയും കൃഷിഇറക്കലും വിളവെടുക്കലും ഈ സമയത്താണ് നടക്കേണ്ടിയിരുന്നത്. ഇതിനാവശ്യമായ തൊഴിലാളികളെ എത്തിക്കാൻ കഴിയാതിരിക്കുക, യന്ത്രോപകരണങ്ങൾ കിട്ടാതിരിക്കുക, ഉത്പന്നങ്ങൾ മതിയായ വിലയ്ക്ക് സംഭരിക്കുന്നവരെ കിട്ടാതാവുക എന്നിവയൊക്കെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളാണ്.
മറ്റു പ്രശ്നങ്ങൾ
കപ്പ, കാച്ചിൽ, ചേമ്പ്, ചേന തുടങ്ങിവയൊക്കെ കൃഷി ചെയ്യുന്ന കാലമാണിത്. മാങ്ങ സമൃദ്ധമാകുന്ന സമയമായി. ഉത്പന്നങ്ങൾ വാങ്ങിക്കാൻ ആളെ കിട്ടാതെ പലയിടത്തും കർഷകർ ബുദ്ധിമുട്ടുന്നു. പൊന്നാനിയിലെയും തൃശൂരിലെയും മറ്രും നെൽപ്പാടങ്ങളിൽ കൊയ്യാൻ ആളെ കിട്ടിയില്ല. അന്യസംസ്ഥാന തൊഴിലാളികൾ സ്ഥലം വിട്ടതായിരുന്നു പ്രശ്നം. മൂവാറ്രുപുഴയിലെയും മറ്രും കൈതച്ചക്ക കൃഷിക്കാരും വിപണി കിട്ടാതെ വലഞ്ഞു. മുതലമടയിലെ മാങ്ങാകൃഷിക്കാർക്ക് ഹോർട്ടി കോർപ് വിദേശവിപണി സംഘടിപ്പിച്ചുകൊടുത്തെങ്കിലും പ്രശ്നത്തിന് പൂർണ പരിഹാരമായില്ല,
പാൽകർഷകരും പ്രതിസന്ധിയിൽ
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 6800 ലക്ഷം ലിറ്രർ പാലിൽ 4500 ഉം ഡെയറികളിലേക്കായിരുന്നു. സൊസൈറ്രികൾ കൈകാര്യം ചെയ്തിരുന്നത് 2200 ലക്ഷം ലിറ്രർ മാത്രം. പലയിടത്തും മിൽമ പാൽ എടുക്കാതായതോടെ പാൽകർഷകരുടെയും നടുവൊടിഞ്ഞു. നേരത്തെ തമിഴ് നാട്ടിൽനിന്ന് പാൽ കൊണ്ടുവരികയായിരുന്നെങ്കിൽ ഇപ്പോൾ തമിഴ്നാട്ടിൽ പാലിന് വിപണി തേടി പോവുകയാണ് നാം.
''തമിഴ് നാട്ടിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് വിളവെടുത്തും മറ്രും പരിഹാര നടപടികൾ കൈക്കൊണ്ടുവരികയാണ്. കാർഷിക ഉത്പന്നങ്ങൾ കൃഷി വകുപ്പ് തന്നെ സംഭരിക്കാൻ നടപടിയെടുത്തിട്ടുണ്ട്. കർഷകരെയും വ്യാപാരികളെയും ഏകോപിപ്പിക്കാൻ സർക്കാർ ശ്രമം നടത്തുകയാണ്. നാണ്യവിളകളെ ഇപ്പോൾ കാര്യമായി ബാധിച്ചിട്ടില്ല. കൃഷി ഭവൻ വഴി കർഷകർക്ക് വിത്ത് നൽകുന്നുണ്ട്.
-ഡോ. വാസുകി, കൃഷി ഡയറക്ടർ
കേന്ദ്രം ലോക്ക് ഡൗണിൽ നിന്നൊഴിവാക്കിയത്
1. താങ്ങുവിലയ്ക്ക് കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്ന ഏജൻസികൾ, കാർഷിക ചന്തകൾ
2. കൃഷിപ്പണികൾ, കാർഷിക യന്ത്രസാമഗ്രികൾ വാടകയ്ക്ക് നൽകുന്ന കേന്ദ്രങ്ങൾ
3. വളം,വിത്ത്, കീടനാശിനി എന്നിവയുടെ നിർമ്മാണ, പായ്ക്കിംഗ് യൂണിറ്റുകൾ
4. കാർഷിക, തോട്ട കൃഷി യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും സംസ്ഥാനാനന്തര കടത്ത്.