ആന്ധ്രാപ്രദേശ്: കോവിഡിനെ നിയന്ത്രിക്കാൻ പണിപതിനെട്ടും പയറ്റുകയാണ് അധികൃതർ. എന്നാൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള മാരുതി ശങ്കർ എന്ന പൊലീസുകാരൻ അതുക്കും മേലെയാണ്. ബോധവത്കരണത്തിനായി ഒരു കുതിരെയാണ് ഇയാൾ കൂട്ടുപിടിച്ചിരിക്കുന്നത്. വാഹനം ഒഴിവാക്കി ഇൗ കുതിരയുടെ പുറത്താണ് കക്ഷിയുടെ യാത്ര.
കുർനൂൽ ജില്ലയിലെ പ്യാപിലി പട്ടണത്തിലാണ് മാരുതിയുടെ പ്രവർത്തനമേഖല. യാത്രചെയ്യുന്ന കുതിരയുടെ രൂപം മാരുതി ചെറുതായൊന്ന് മാറ്റിയിട്ടുണ്ട്. വെള്ള നിറമാണ് കുതിരയ്ക്ക്. അതിന്റെ ശരീരത്തിലുടനീളം ചുവപ്പ് നിറത്തിൽ കൊവിഡ് 19 വൈറസിന്റെ ഘടനാ ചിത്രം വരച്ചു ചേർത്തിട്ടുണ്ട്. ഒറ്റനോട്ടത്തിൽത്തന്നെ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത് ഇതായിരിക്കും.
പട്ടണത്തിന് സമീപത്തുള്ള ജനവാസ പ്രദേശങ്ങളിലെല്ലാം കുതിരപ്പുറത്ത് ചെന്ന് കൊവിഡ് 19 ബാധയ്ക്കെതിരെ ആവശ്യമായ മുൻകരുതൽ എടുക്കാൻ അദ്ദേഹം ആവശ്യപ്പെടും. ഒരു തവണകൊണ്ട് ലക്ഷ്യം സാധിച്ചില്ലെങ്കിൽ പിന്നെയും എത്തും. വേറിട്ട ബോധവത്കരണം ഏറെ പ്രയോജനം ചെയ്തുവെന്നാണ് മാരുതി പറയുന്നത്. ഐഡിയ പൂർണമായും മാരുതിയുടേത് തന്നെയാണ്. എല്ലാത്തിനും മേലുദ്യോഗസ്ഥരുടെ അനുമതിയുണ്ടെന്ന് മാത്രം. ചെലവുകൾ മാരുതിവകയാണോ എന്ന് വ്യക്തമല്ല.
ചെന്നൈയിൽ കൊറോണ വൈറസിന്റെ മാതൃകയിലുള്ള ഹെൽമെറ്റ് ധരിച്ച് പൊലീസ് ഉദ്യോഗസ്ഥൻ ബോധവത്കരണത്തിന് നിരത്തിലിറങ്ങിയിരുന്നു.പാട്ടുപാടിയും നൃത്തം ചെയ്തുമാണ് മറ്റുചില പൊലീസ് ഉദ്യോഗസ്ഥർ ബോധവത്കരണം നടത്തിയത്.