തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച മലപ്പുറം മൂത്തേടം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്. മൂന്ന് ദിവസമായി നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൊവിഡുമായി ബന്ധപ്പെട്ട് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മലപ്പുറം മൂത്തേടം നാരങ്ങാപൊട്ടിയിലെ കുമ്പളത്ത് പുത്തൻവീട്ടിൽ ഗീവർഗീസ് തോമസ് (58) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്.
കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചതിനാൽ കൊവിഡുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനായി രക്തസാമ്പിളുകൾ പരിശോധനക്കയച്ചിരുന്നു. പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം മൃതദേഹം വിട്ടുനൽകിയാൽ മതിയെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്താലാണ് മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്.
മുംബയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു ഗീവർഗീസ് തോമസ്. മുംബയിലുണ്ടായ അപകടത്തെ തുടർന്ന് 15 ദിവസം മുമ്പാണ് ചികിത്സയ്ക്കായി ഇയാൾ നാട്ടിലെത്തിയത്.
കരിപ്പൂർ വിമാനത്തവളത്തിൽ നിന്നിറങ്ങി അവിടെ നിന്നു വീട്ടിലെത്തുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിനും കാലിനും സാരമായി പരിക്കേറ്റ ഇയാൾ നിലമ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതര സംസ്ഥാനത്തു നിന്നും എത്തിയവർ നിരീക്ഷണത്തിൽ കഴിണമെന്ന നിർദ്ദേശമുണ്ടായതിനെ തുടർന്ന് ഗീവർഗീസ് തോമസ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.