army

ന്യൂഡൽഹി: കൊവിഡിനെതിരെ രംഗത്തിറങ്ങാൻ മിലിട്ടറി ഡോക്ടർമാർ തയ്യാറെടുക്കുന്നു. രാജ്യത്തെ 8500ലധികം മിലിട്ടറി ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും കൊവിഡ് 19നെതിരായ പോരാട്ടത്തിനിറക്കുകയാണ്. ഇക്കാര്യം സൈന്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫറൻസിലാണ് സൈന്യത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്.

അടിയന്തര ആവശ്യങ്ങൾക്കായി രാജ്യത്ത് 9000 ആശുപത്രിക്കിടക്കകളും തയ്യാറാക്കിയതായി ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് അറിയിച്ചു. ആർമി ചീഫ് മനോജ് മുകുന്ദ് നാരാവനേ, വ്യോമസേനാ തലവൻ എയർ ചീഫ് മാർഷൽ ആർകെഎസ് ഭരദ്വാരിയ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു. കൊവിഡ് 19 രോഗബാധ ചികിത്സയാക്കായി രാജ്യത്ത് 28 ആശുപത്രികളാണ് സൈന്യം തയ്യാറാക്കുന്നത്. ഇതിനു പുറമെ രാജ്യത്ത് പ്രവർത്തിക്കുന്ന അഞ്ച് സൈനിക ആശുപത്രികളും ഈ പട്ടികയിലേയ്ക്ക് കൂട്ടിച്ചേർക്കും. കൊവിഡ് 19 പരിശോധനകൾ ഉൾപ്പെടെ നടത്താനും സൈന്യം പ്രാപ്തമാണെന്ന് അറിയിച്ചിട്ടുണ്ട്.

കൊവിഡ് രോഗത്തെ നേരിടുന്നതിനായി സൈന്യം കൂടുതലായി ആശുപത്രികളും ലാബുകളും തയ്യാറാക്കുമെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതിനു പുറമെ വിരമിച്ച ആരോഗ്യവിദഗ്ധരും സേവനത്തിനായി സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങളും മറ്റും വിവിധ കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്നും ആംഡ് ഫോഴ്സസ് മിലിട്ടറി ഹോസ്പിറ്റൽസ് തലവൻ ലഫ്റ്റനന്റ് ജനറൽ അനൂപ് ബാനർജി വ്യക്തമാക്കി. കൊവിഡ് 19 ഹോട്ട് സ്‌പോട്ടുകളായി സർക്കാർ കണ്ടെത്തുന്ന കേന്ദ്രങ്ങളിലായിരിക്കും സൈന്യത്തിന്റെ സേവനം ലഭിക്കുക.

കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ ആയിരത്തിലധികം പേർ ജയ്സാൽമീർ, ജോധ്പൂർ, ചെന്നൈ, മനേസർ, ഹിന്ദോൺ, മുംബയ് തുടങ്ങിയ സ്ഥലങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്. ഇവരുടെ ക്വാറന്റൈൻ കാലാവധി ഏപ്രിൽ ഏഴോടു കൂടി കഴിയുമെന്നും ബിപിൻ റാവത്ത് യോഗത്തിൽ അറിയിച്ചു. മുൻപ് ചൈനയിലെ വുഹാനിൽ നിന്ന് തിരിച്ചെത്തിച്ച മലയാളികൾ അടങ്ങുന്ന സംഘത്തെയും മനേസറിലെ സൈനിക കേന്ദ്രത്തിലായിരുന്നു താമസിപ്പിച്ചത്. എന്നാൽ ഇവരിൽ ആർക്കും കൊറോണ ബാധയുണ്ടായിരുന്നില്ലെന്നത് ആശ്വാസ വാർത്തയായിരുന്നു.

സജീവമായി വ്യോമസേനയും

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 25 ടൺ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചതായി വ്യോമസേനാ തലവൻ വ്യക്തമാക്കി. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് പ്രവർത്തനമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷാ വസ്ത്രങ്ങൾ, സാനിറ്റൈസറുകൾ, സർജിക്കൽ ഗ്ലൗസ്, തെർമൽ സ്‌കാനറുകൾ തുടങ്ങിയവയും ആരോഗ്യപ്രവർത്തകരെയുമാണ് വ്യോമസേന രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചത്. പ്രാദേശിക തലത്തിലുള്ള പ്രവർത്തനങ്ങൾക്കു വേണ്ടി രാജ്യത്തെ 25,000 എൻ.എസ്.എസ് പ്രവർത്തകരെയും സജ്ജമാക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.