കിളിമാനൂർ: അപ്രതീക്ഷിതമായി കിട്ടിയ ഈ അവധിക്കാലം വെറുതേ കളയാനുള്ളതല്ലെന്ന് കാട്ടിത്തരുകയാണ് ഒരു കൂട്ടർ. പലരും വിധിയെ തോൽപ്പിച്ച് വിജയം കണ്ടെത്തിയവരാണ്. കുടിൽ വ്യവസായവും സ്വയം തൊഴിലും മൺമറഞ്ഞു തുടങ്ങിയിരുന്ന ഈ കാലഘട്ടത്തിൽ ഇത്തരമൊരു ലോക്ക് ഡൗൺ തിരിച്ചറിവിന്റെ വലിയ പാഠം നമ്മെ പഠിപ്പിക്കുകയാണ്. പലരുടേയും ജീവിത വിജയം നമുക്കെല്ലാവർക്കും മാതൃകയാക്കാവുന്നതുമാണ്. സോപ്പ്, മെഴുകുതിരി, ചന്ദനത്തിരി, മൺപാത്ര നിർമ്മാണം, അച്ചാർ നിർമ്മാണം, കൈത്തറി വ്യവസായം, പേപ്പർ വസ്തുക്കളുടെ നിർമ്മാണം, ബോട്ടിൽ ആർട്ട്, എമ്പ്രോയിഡറി വർക്ക്, ഗാർഡനിംഗ്, അലങ്കാര മത്സ്യകൃഷി അങ്ങനെ നമുക്ക് തിരഞ്ഞടുക്കാവുന്ന മേഖലകൾ നിരവധിയാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്വയംതൊഴിൽ കണ്ടെത്തി മുൻ നിരയിലേക്കെത്തിയിരിക്കുകയാണ്. ആത്മ വിശ്വാസത്തിന്റെ കൈ പിടിച്ച് കേരളം അതീവ ജാഗ്രതയോടെ കൊവിഡിനെതിരെ പോരാടുമ്പോൾ ഇവരും കരുതലോടെ അകലം പാലിച്ച് തങ്ങളുടെ തൊഴിലുകളിൽ ആനന്ദം കണ്ടെത്തുകയാണ്.
പേപ്പർ പേനയിലൂടെ തിളങ്ങി രഞ്ജിനി
ആധുനിക വൈദ്യശാസ്ത്രം തോറ്റിടത്ത് നിന്ന് മനോധൈര്യം കൊണ്ട് ജയിച്ച് മുന്നേറുകയാണ് കിളിമാനൂർ സ്വദേശി രഞ്ജിനി. കിളിമാനൂർ പാപ്പാല,ആനപ്പാറ വീട്ടിൽവീട്ടിൽ ശിവരാജൻ - ശാന്തമ്മ ദമ്പതികളുടെ ഇളയ മകൾ രഞ്ചിനിക്ക് ചലനശേഷികൾ ദുർബലമാകുന്ന സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അസുഖമായിരുന്നു. ഗർഭാവസ്ഥയിൽ തന്നെ രോഗം തുടങ്ങിയെങ്കിലും ജനിച്ച ശേഷമാണ് തിരിച്ചറിഞ്ഞത്. ചികിത്സകളെല്ലാം പരാജയപ്പെട്ടതോടെ പന്ത്രണ്ടാം വയസിൽ പൂർണമായി കിടക്കയിലാവുകയായിരുന്നു. ചോർന്നൊലിക്കുന്ന ഷീറ്റിട്ട വീട്ടിൽ കൂലിപ്പണിക്കാരനായ അച്ഛനും അമ്മയ്ക്കും മുന്നിൽ രഞ്ജിനിയുടെ ജീവിതം ചോദ്യചിഹ്നമായി. എന്നാൽ കിടക്കയിൽ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കാനുള്ളതല്ല തന്റെ ജീവിതമെന്ന് കാണിച്ചു കൊടുക്കുകയായിരുന്നു പിന്നീടങ്ങോട്ട് രഞ്ജിനി. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയെ കുറിച്ച് അറിയുകയും അവരിൽ നിന്ന് പേപ്പർ പേന എന്ന ആശയം ഉടലെടുക്കുകയും ചെയ്തു. റീഫില്ലർ ഒഴികെയുള്ള പേനയുടെ എല്ലാ ഭാഗങ്ങളും പേപ്പർ കൊണ്ട് നിർമിച്ചു. ഇതിനുള്ളിൽ ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകളും നിക്ഷേപിച്ചിട്ടുണ്ട്. പ്രകൃതിയോടിണങ്ങിയ ഇത്തരം പേനകൾ ഉപയോഗശേഷം വലിച്ചെറിയുമ്പോൾ പ്രകൃതി മലിനീകരണമല്ല മറിച്ച് പ്രതീക്ഷയുടെ പുതുനാമ്പാണ് പിറവി കൊള്ളുന്നത്. ഇത്തരത്തിൽ നിരവധി പേരാണ് ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ട് ഈ ലോക്ക് ഡൗണിലും ആനന്ദം കണ്ടെത്തുന്നത്.