spain

മാഡ്രിഡ് : കൊവിഡ് ബാധയെ തുടർന്ന് സ്പെയിനിൽ മരിച്ചവരുടെ എണ്ണം 10,003 ആയി. 24 മണിക്കൂറിനിടെ 950 പേരാണ് സ്പെയിനിൽ മരിച്ചത്. ഇതുവരെ സ്പെയിനിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ലോകത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 110,238 പേർക്കാണ് സ്പെയിനിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ മുതൽ ഇതുവരെ 8,102 കേസുകളാണ് സ്ഥിരീകരിച്ചത്. 26,743 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

30,000ത്തിലേറെ പേരാണ് യൂറോപ്പിൽ മാത്രം കൊവിഡ് മൂലം മരിച്ചത്. ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത ഇറ്റലിയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് സ്പെയിൻ. മാർച്ച് 14 മുതൽ സ്പെയിൻ ലോക്ക്ഡൗണിൽ തുടരുകയാണ്. കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ തീവ്രത വരുംദിവസങ്ങളിലും ഉയർന്ന് തുടരുമെന്നാണ് സ്പാനിഷ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. മാഡ്രിഡ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ ആശുപത്രികൾ രോഗികളാൽ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.

രോഗികളെ ആശുപത്രി വരാന്തയിലും മറ്റും കിടക്ക സജ്ജീകരിച്ച് ചികിത്സിക്കേണ്ട അവസ്ഥയിലാണ് ഡോക്ടർമാർ. രോഗികളുടെ എണ്ണം കൂടിയതോടെ രാജ്യത്ത് താത്കാലിക ആശുപത്രികൾ സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ആശുപത്രികളിലും കിടക്കകളുടെ എണ്ണം 20 ശതമാനം വീതം ഉയർത്തിയിട്ടുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മാഡ്രിഡ്, നോർത്ത് കാറ്റലോണിയ തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകൾ, സ്പോർ‌‌ട്‌സ് സെന്ററുകൾ, ലൈബ്രറികൾ തുടങ്ങിയവ താത്കാലിക ആശുപത്രികളാക്കി മാറ്റിയിരിക്കുകയാണ്. 3,800 ലേറെ പേരാണ് സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ മാത്രം മരിച്ചത്. 30,000 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.