തിരുവനന്തപുരം: കൊവിഡ്-19 രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാവാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കൊവിഡ്-19 ആശുപത്രിയായി മാറാനൊരുങ്ങുന്നു. ശുപാർശ സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. സർക്കാർ അനുമതി ഉത്തരവിറക്കിയാൽ ഉടൻ തുടർ നടപടികളിലേക്ക് കടക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്ളാൻ-സിയിൽ വരുന്നതാണിത്. ഇതിനു വേണ്ടി നിലവിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സ്ഥലം പൂർണമായും കൊവിഡ് ചികിത്സയ്ക്കു വേണ്ടി ഉപയോഗിക്കും. മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കും സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകളും മറ്റൊരു ഭാഗത്തേക്ക് മാറ്റും. ഇതിനു വേണ്ടിയുള്ള രൂപരേഖ തയ്യാറാക്കി സർക്കാരിനു സമർപ്പിച്ചു. വാർഡുകളും ഐ.സി.യുകളും ഇതിനു വേണ്ടി സജ്ജീകരിക്കണം. കൊവിഡ് സമ്പർഗം വഴിയും പകരുന്ന രോഗമായതിനാൽ നിശ്ചിത അകലം പാലിച്ചായിരിക്കും ഐ.സി.യു,​വെന്റിലേറ്ററും ബെഡും ക്രമീകരിക്കുക. ഇപ്പോൾ ഐസൊലേഷൻ വിഭാഗമുള്ളതിനാൽ കൊവിഡ് കെയറായി മാറ്റി ക്രമീകരിക്കാൻ ഒരു ദിവസം മതി. ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിക്കും. ഇവർ കൊവിഡ് കെയറിൽ മാത്രം ജോലി ചെയ്താൽ മതിയാകും. ഇതു മറ്റു വിഭാഗത്തിൽ നിന്നും പൂ‍ർണമായും ഒഴിവായായിരിക്കും പ്രവർത്തിക്കുക. കർശന സുരക്ഷ ഒരുക്കും. സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേകം ഫണ്ട് അനുവദിക്കും.