ഇസ്രയേൽ: കൊവിഡ് സ്ഥിരീകരിച്ച ഇസ്രയേൽ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്സ്‌മാനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി അടുത്തിടപഴകിയ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ മേധാവി യോസി കോബൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയിർ ബെൻ ഷാബത് എന്നിവരെയും ക്വാറന്റൈനിലാക്കി.
നേരത്തെ കൊവിഡ് ടെസ്റ്റ് നടത്തിയ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. അടുത്ത അനുയായിക്ക് രോഗം സ്ഥിരീകരിച്ചതിനെതുടർന്ന് അദ്ദേഹം സെൽഫ് ഐസൊലേഷനിൽ പോയിരുന്നു.
നിരീക്ഷണത്തിലുള്ള ലിറ്റ്സ്മാന്റെയും ഭാര്യയുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യമന്ത്രിയുമായി അടുത്തിടപഴകിയ എല്ലാരും നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. 31പേരാണ് കൊവിഡ് ബാധിച്ച് ഇസ്രയേലിൽ മരിച്ചത്. 6,211പേർക്ക് രോഗം സ്ഥിരികരിച്ചു. ഇതിൽ 107പേരുടെ നില ഗുരുതരമാണ്.