fish

 കാസർകോട് ജില്ലയ്ക്ക് ഇളവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് നാളെ മുതൽ നിയന്ത്രണങ്ങളോടെ അനുമതി നൽകിയതായി മന്ത്രി ജെ. മേഴ്സികുട്ടിഅമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷയും മത്സ്യത്തൊഴിലാളികളുടെ തൊഴിലും മുൻനിറുത്തിയാണ് നടപടി. കാസർകോട് ജില്ലയിൽ ഇളവ് ബാധകമല്ല. ലേലം കൂടാതെ മത്സ്യ വില്പന നടത്തുവാൻ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.
മത്സ്യച്ചന്തകൾ രാവിലെ ഏഴ് മുതൽ 11 വരെയാണ് പ്രവർത്തിക്കുക. ട്രോളിംഗ് ബോട്ടുകൾ, കമ്പവല, തട്ടമടി തുടങ്ങിയവ വഴിയുള്ള മത്സ്യബന്ധനം പൂർണമായും നിരോധിച്ചു. കളക്ടർ ചെയർമാനായ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളായിരിക്കും മത്സ്യത്തിന്റെ വില നിശ്ചയിക്കുക. ജില്ലകളിലെ പ്രധാന ഹാർബറിൽ നിശ്ചയിക്കുന്ന വിലയായിരിക്കും അതത് ജില്ലകളിൽ ഈടാക്കുക.
മൊത്തക്കച്ചവടക്കാർക്കും ചെറുകിട കച്ചവടക്കാർക്കും മുൻകൂട്ടിയുള്ള ബുക്കിംഗ് വഴി മത്സ്യം വാങ്ങാം. ബുക്കിംഗിനായി ഫിഷറീസ് വകുപ്പ് പുതിയ ഐ.ടി ആപ്ലിക്കേഷൻ തയ്യാറാക്കി. ബുക്കിംഗുകളുടെ മുൻഗണനാക്രമത്തിലായിരിക്കും മത്സ്യം നൽകുക. ചെറുകിട വില്പനക്കാർക്ക് മാർക്കറ്റ് പോയിന്റുകൾ നിശ്ചയിച്ച് മത്സ്യഫെഡ് മീൻ എത്തിക്കും. ആവശ്യമുള്ള മത്സ്യത്തിന്റെ അളവ് ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളെ മുൻകൂട്ടി അറിയിക്കണം. മത്സ്യവില്പനയിലൂടെ ലഭിക്കുന്ന തുക നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ നിയന്ത്രണങ്ങൾ അറിയിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ യോഗങ്ങൾ നടത്തും.


ശ്രദ്ധിക്കാൻ

ഹാർബറുകളിലും മാർക്കറ്റുകളിലും കൃത്യമായ സാമൂഹ്യ അകലം പാലിക്കണം

നിയന്ത്രണം ലംഘിക്കുന്ന സെന്ററുകളും മാർക്കറ്റുകളും അടയ്ക്കും