gift

നാഗർകോവിൽ: ഒഴിഞ്ഞ മദ്യക്കുപ്പികൾ അക്ഷയ്‌യുടെ കൈയിലൂടെ നിമിഷ നേരം കൊണ്ട് അഴകുറ്റ കരകൗശല വസ്തുക്കളാക്കി മാറും. കന്യാകുമാരി ജില്ലയിലെ നൊട്ട അരകനാട് സ്വദേശിയായ ഷിബു - രശ്മി ദമ്പതികളുടെ മകനാണ് അക്ഷയ് കൃഷ്ണൻ എന്ന ഈ കൊച്ചു മിടുക്കൻ. മദ്യക്കുപ്പികൾ ശേഖരിച്ചാണ് അവയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നത്. ഒഴിഞ്ഞ കുപ്പി ഉപയോഗിച്ച് അതിൽ പേപ്പർ ഒട്ടിച്ച് കളറും ഡിസൈനും നൽകി മനോഹരമായ ഗിഫ്റ്റായി മാറ്റും. ഇവ കൂട്ടുകാർക്കും ബന്ധുക്കളുടെ വിവാഹത്തിന് സമ്മമാനമായി നൽകിയായിരുന്നു ഈ കൊച്ചു മിടുക്കൻ ഈ രംഗത്തേക്ക് കടന്നു വന്നത്. കുടുംബ പ്രശ്നങ്ങൾ കാരണം ഒതുങ്ങിക്കൂടിയ അക്ഷയ് കൃഷ്ണന്റെ കലാവാസന തിരിച്ചറിഞ്ഞതും പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതും സമീപത്ത സ്വകാര്യ ആശുപത്രിയിലെ കൗൺസിലറും ബന്ധുവുമായ ഡോ. ബിന്ദുസാരനാണ്. ഇതൊക്കെ ആർക്കും വീട്ടിലിരുന്ന് ചെയ്യാവുന്നതേയുള്ളൂ എന്നും ഒരു ഗിഫ്റ്റ് തയ്യാറാക്കാൻ 50 രൂപയ്ക്കുള്ളിലേ ചെലവാകൂ എന്നും അക്ഷയ് കൃഷ്ണ പറയുന്നു. അമ്മൂമ്മയുടെ ചെറിയ വരുമാനത്തിലാണ് ഈ ബാലന്റെ പഠനം മുന്നോട്ട് പോകുന്നത്. സമ്മാനങ്ങൾ ഒരുക്കി വിൽക്കുന്ന കാശിന് സ്കൂൾ തുറക്കുമ്പോൾ പുതിയ ബാഗും വസ്ത്രങ്ങളും വാങ്ങാമെന്ന ആഗ്രഹവും അരകനാട് ഗവ. പ്രൈമറി സ്കൂളിലെ ഈ മൂന്നാം ക്ലാസുകാരൻ മറച്ചുവയ്ക്കുന്നില്ല. തന്റെ കലാവാസനകൾ മറ്റുള്ളവർക്കു മുന്നിൽ പരിചയപ്പെടുത്താൻ മടിയില്ലാത്ത ഈ മിടുക്കന് അക്ഷയ് ക്രാഫ്ട് വേൾഡ് (Akshay Craft World) എന്ന പേരിൽ സ്വന്തമായി യൂ ട്യൂബ് ചാനലുമുണ്ട്.