jail-

ലണ്ടൻ: താൻ കൊവിഡ് ബാധിതനാണെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് തുപ്പിയ അമ്പത്തിയഞ്ചുകാരനെ ജയിലിലടച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് തുപ്പിയതിന് പുറമേ കൊവിഡ് പകർത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ആഡം ലൂയിഡ് എന്നയാളെയാണ് ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ആറുമാസം തടവുശിക്ഷയ്ക്ക് വിധിച്ചത്.

സെൻട്രൽ ലണ്ടനിലാണ് സംഭവം നടക്കുന്നത്. അവിടെ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ഡോർ തുറക്കാൻ ശ്രമിച്ച ആഡമിനെ ഉദ്യോഗസ്ഥൻ തടഞ്ഞുനിറുത്തി പരിശോധിച്ചു. ഇതിൽ പ്രകോപിതനായ ആഡം നിലത്തുണ്ടായിരുന്ന വൈൻ കുപ്പി പൊട്ടിച്ച് പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി അസഭ്യം വിളിച്ചു. താൻ കൊവിഡ് ബാധിതാണെന്നും താങ്കളുടെ മുഖത്ത് കഫം തുപ്പുന്നതോടെ താങ്കളും രോഗബാധിതനാകുമെന്നും ആഡം ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻെറ മുഖത്ത് തുപ്പുകയായിരുന്നു. ദേഹത്ത് കടിക്കുമെന്ന് ഭീഷണിയും മുഴക്കി. ഇത്രയുമായപ്പോൾ ആഡമിനെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.