farming

നെയ്യാറ്റിൻകര: കോവിഡ് 19ൽ വിറച്ച് നാട് ലോക്ക് ഡൗണിൽ ആയതോടെ ജനം വീട്ടിൽത്തന്നെ. എന്നാൽ നേതാക്കളും പൊതു പ്രവർത്തകരും സന്നദ്ധപ്രവർത്തനങ്ങളുമായി

രംഗത്തുണ്ട്. സാമൂഹിക അകലം പാലിച്ച് സർക്കാരിന്റെ എല്ലാ ഉത്തരവുകളും പാലിച്ചാണ് ഇവരുടെ പൊതു പ്രവർത്തനം. ഒപ്പം ലോക്ക് ഡൗണിൽ വീട്ടിലായപ്പോൾ കൃഷിയിലും വായനയിലേക്കും തിരിഞ്ഞിരിക്കുകയാണ് ജനം. അടുക്കളത്തോട്ടം പൊടിതട്ടി മിനുക്കിയ മട്ടാണ് പലരും. ഈ കോവിഡ് 19 കാലം മനുഷ്യൻ മനുഷ്യരിലേക്കും പ്രകൃതിയിലേക്കും തിരിച്ചുപോകുന്നതാണ് കാണാൻ കഴിയുന്നത്. പല കുടുംബങ്ങളിലേയും എല്ലാ അംഗങ്ങളും ഒത്തുവന്നത് ഇപ്പോഴാണ്. അതുകൊണ്ട് തന്നെ ആധുനിക കാലത്ത് പുതുതലമുറ മാറ്റി വച്ച പലതും ഇപ്പോൾ കുടുംബങ്ങൾ ഒന്നിച്ച് നേടുകയാണ്. വായന, പാചകം, കുടിടകളുടെ ചെറു വിനോദങ്ങളും.

നിലവിൽ ലോക്ക് ഡൗണിൽ ആനന്ദം കണ്ടെത്തുകയാണ് ഗ്രാമവാസികൾ.

 മണ്ണിൽ പൊന്ന് വിളയിച്ച് ‌ഞ്ജാനദാസ്

വെള്ളറട: ലോക്ക് ഡൗൺ കാലം പ്രതിരോധ പ്രവർത്തനങ്ങൾക്കും കൃഷിക്കും ഉപയോഗിക്കുകയാണ് വെളളറട ഗ്രാമപഞ്ചായത്ത് ഡാലുമുഖം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ‌ജ്‌ഞാനദാസ്. സർക്കാർ പ്രഖ്യാപിച്ച എല്ലാ പ്രതിരോധ പ്രവർത്തനങ്ങളിലും കമ്മ്യൂണിറ്റി കിച്ചണുകളിലും ജ്ഞാനദാസ് സജീവമാണ്. ഒപ്പം തന്റെ വീടിന് സമീപത്തെ 28 സെന്റോളം വരുന്ന സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്ന തിരക്കിലാണ് ഇദ്ദേഹം. വീട്ടിലേക്കുള്ളതും വില്പനയ്ക്കുള്ളതും ഇവിടെ കൃഷിചെയ്യുന്നുണ്ട്. ചീര, ഇഞ്ചി, പയർ, വെണ്ട, തക്കാളി എന്നിവയാണ് പ്രധാന കൃഷി. ഇതിന് പുറമെ കൃഷി വകുപ്പിന്റെ കേദാരം പദ്ധതി വഴിയും തന്റെ സ്ഥലത്ത് ജ്ഞാനദാസ് കൃഷിയിറക്കി. നിലവിൽ പച്ചക്കറികൾ വില്ക്കാറാണ് പതിവേങ്കിലും ഇപ്പോൾ വിളവെടുക്കുന്ന പച്ചക്കറികളെല്ലാം വെള്ളറട ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിൽ എത്തിക്കുകയാണ്.

ഭക്ഷണപ്പൊതികളുമായി ഗ്രാമം പ്രവീണും

ലോക്ക് ഡൗൺകാലത്ത് ഓണറേറിയം മുഴുവൻ ദരിദ്രർക്ക് നൽകി മാതൃകയാകുകയാണ് നെയ്യാറ്റിൻകര നഗരസഭയിലെ വ്ലാങ്ങാമുറി വാർഡ് കൗൺസിലർ ഗ്രാമം പ്രവീൺ. ഭക്ഷണം കിട്ടാതെ വലയുന്ന അഗതികൾക്കും മറ്റ് ഭക്ഷണം വേണ്ടുന്നവർക്ക് ഒറ്റയ്ക്ക് തന്റെ സ്കൂട്ടറിൽ ഭക്ഷണമെത്തിക്കും. ദിവസവും ഏതാണ്ട് മുപ്പതിലേറെ വീടുകളിൽ പ്രവീൺ ദിവസവും ഉച്ചക്ക് ഭക്ഷണപ്പൊതിയുമായി എത്തും. നെയ്യാറ്റിൻകര നഗരസഭയിലെ കമ്മ്യൂണിറ്റി കിച്ചൻ വഴി ലഭിക്കുന്ന ഉച്ചഭക്ഷണപ്പൊതിയും നെയ്യാറ്റിൻകര സി.പി.എം ഏരിയാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നയിനാർ ചാരിറ്റബിൾ ട്രസ്റ്റ് വഴിയും ലഭിക്കുന്ന ഉച്ചഭക്ഷണ പൊതിയ്ക്കും പുറമേയാണ് പ്രവീൺ സമീപത്തെ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണപ്പൊതിയും ഉൾപ്പെടെ ദിവസവും മുപ്പതിലേറെ വീടുകളിൽ ഭക്ഷണമെത്തിക്കുന്നത്.