fish

തിരുവനന്തപുരം: ചോറുണ്ണുമ്പോൾ മീൻ വേണമെന്ന് വാശിയുള്ള പലരും ഇപ്പോൾ മീനില്ലാതെ ചോറുണ്ടുതുടങ്ങി. മദ്യപാനികളെപ്പോലെ മീൻപ്രേമികൾക്ക് ആത്മഹത്യചെയ്യാനാവില്ലല്ലോ. കൊവിഡ്-19 വ്യാപനവും ലോക്ക് ‌ഡൗണുമൊക്കെയായപ്പോൾ സംസ്ഥാനത്തെവിടെയും മീൻ കിട്ടാത്ത സ്ഥിതിയാണ്. ഉള്ളതിനാകട്ടെ തീ പിടിച്ച വിലയും. രണ്ടാഴ്ചയ്ക്കുള്ളിൽ വില ഇരട്ടിയിലേറെയായി.

ഇന്നലെ വളരെ കുറച്ച് മത്സ്യമാണ് ഹാർബറുകളിലെത്തിയത്. മത്തിക്ക് കിലോയ്ക്ക് 200 രൂപയും ചൂരയ്ക്ക് 350മായിരുന്നു വില. ചെമ്മീന് 500 രൂപ. അയല 350 നും കിട്ടാനില്ല.

കൊവിഡ് ഭീഷണിയെതുടർന്ന് കടലിൽ പോകാൻ മത്സ്യത്തൊഴിലാളികൾ മടിക്കുന്നതാണ് മീൻ ലഭ്യത കുറഞ്ഞതിന്റെ മുഖ്യകാരണം. വളരെ ചെറിയ അളവിലാണ് മാർക്കറ്റുകളിൽ മീനെത്തുന്നത്. ഇവ ചുരുങ്ങിയ സമയത്തിനുള്ളിൽ തീരുകയും ചെയ്യും. വീടുകളിലും ചെറിയ മാർക്കറ്റുകളിലും മീൻ വില്പനയ്ക്കായി എത്തിയിരുന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ പുറത്തിറങ്ങുന്നില്ല. ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൊബൈൽ മാർട്ടുകളിലും സ്ഥിതി വ്യത്യസ്തമല്ല.


ലോക്ക് ഡൗണിനെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയിരുന്ന മീനിന്റെ അളവും കുറഞ്ഞു. വരുന്നതാകട്ടെ രാസവസ്തുക്കൾ കലർന്ന ദിവസങ്ങൾ പഴക്കമുള്ള മീനും. കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനസമയത്തിൽ നിയന്ത്രണം വന്നതോടെ പല കച്ചവടക്കാരും മത്സ്യവില്പന നടത്താതായി. ഉണക്കമീനിന്റെ ലഭ്യതയിലും കുറവ് വന്നിട്ടുണ്ട്.

''കൊവിഡ് ഭീഷണി കാരണം കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. മത്സ്യബന്ധനത്തിന് ഫിഷറീസ് മന്ത്രി ഇന്നലെ അനുമതി നൽകിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഭീതി കൂടി കണക്കിലെടുക്കണം.

- പി. സ്റ്റെല്ലസ്

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്