തിരുവനന്തപുരം : ലക്ഷങ്ങളില്ലാത്തവരിലും സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതോടെ, ആശങ്ക വർദ്ധിക്കുന്നു. പനിയോ ചുമയോ ഉൾപ്പെടെയുള്ള ലക്ഷണങ്ങളാണ് കോവിഡിനുള്ളതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. അവരുടെ സ്രവങ്ങളാണ് പരിശോധനയ്ക്ക് അയക്കുന്നതും. എന്നാൽ ബുധനാഴ്ച സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചതിൽ ഏഴു പേർക്ക് ഇത്തരം ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.
ഹൈ റിസ്ക്ക് മേഖലയായ കാസർകോട്ടേക്ക് വിദേശത്ത് നിന്നെത്തിയവരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. .
പി.സി.ആർ ടെസ്റ്റുകൾ വ്യാപകമാക്കിയാൽ വൈറസിൻറെ സാന്നിദ്ധ്യം അതിവേഗത്തിൽ കണ്ടെത്താൻ കഴിയും. പക്ഷേ അത് ചെലവേറിയതാണ്. അതിനാലാണ് ലക്ഷണങ്ങൾ ഉള്ളവരിലേക്ക് മാത്രം ചുരുക്കിയത്.നിലവിലെ സാഹചര്യത്തിൽ, റാപ്പിഡ് ടെസ്റ്റിലൂടെ മാത്രമേ പ്രതിസന്ധി അതിജീവിക്കാൻ കഴിയൂവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാത്രം നോക്കിയിരുന്നാൽ സ്ഥിതി വഷളാവും. രോഗപ്രതിരോധ ശേഷിയുള്ളവരിൽ ലക്ഷണങ്ങൾ ഉണ്ടാകണമെന്നോ, പോസ്റ്റീവ് ആകണമെന്നോയില്ല. വൈറസ് വാഹകനായ അയാളിൽ നിന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലേക്ക് രോഗം പകരും. റാപ്പിഡ് ടെസ്റ്റിലൂടെ ഇതിന് പരിഹാരം കാണാനാവും. നിരീക്ഷണത്തിലുള്ളവരുടെ എല്ലാം രക്തസാസാമ്പിളുകൾ ഇതിലൂടെ പരിശോധിക്കാം..വൈറസിൻറെ ആൻറിബോഡികൾ ഒരാളുടെ ശരീരത്തിൽ ഉത്പാദിപ്പിച്ചു തുടങ്ങിയോയെന്ന് മനസിലാക്കാം. ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി വിദ്ഗധ പരിശോധനയ്ക്ക് വിധേയരാക്കാം. റാപ്പിഡ് ടെസ്റ്റിന് ഐ.സി.എം.ആർ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും കിറ്റുകൾ ലഭ്യമല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ലക്ഷണങ്ങളില്ലാതെ
ചൈനയിലും
കൊവിഡ് ഉത്ഭവിച്ച ചൈനയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത 1541 പേരിൽ വൈറസ് സ്ഥിരീകരിച്ചതായി നാഷണൽ ഹെൽത്ത് കമ്മിഷൻ വെളിപ്പെടുത്തി. ഇതിൽ വിദേശത്ത് നിന്നെത്തിയ 205 പേരുമുൾപ്പെടുന്നതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ടു ചെയ്തു. ചൈനയിൽ ആകെ 81,554 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 3312 പേർ മരിച്ചു.
'പി.സി.ആർ ടെസ്റ്റുകൾ വ്യാപകമാക്കുകയാണ് അതിപ്രധാനം. അത് വളരെ ചെലവേറിയതായതിനാൽ റാപ്പിഡ് ടെസ്റ്റ് സ്വീകരിക്കാം.. വൈറസ് ശരീരത്തിലെത്തി ആറുദിവസത്തിന് ശേഷമാവും ആൻറി ബോഡി സാന്നിദ്ധ്യം കണ്ടെത്താൻ സാധിക്കുന്നത്. പി.സി.ആർ ടെസ്റ്റിലൂടെ ഇത് നേരിട്ട് കണ്ടെത്താം..
- ഡോ.അർഷദ് കള്ളിയത്
കേരള ഗവ.. സ്‌പെഷ്യലിസ്റ്റ്
ഡോക്ടേഴ്സ് അസോ..ജില്ലാ പ്രസിഡൻറ്