തിരുവനന്തപുരം : ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള സർവീസ് പെൻഷൻ വിതരണം ഇന്നലെ തിരക്കില്ലാത്ത നടന്നു. വന്നവരെല്ലാം സാമൂഹ്യ അകലം പാലിച്ചതോടെ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. നമ്പർ ക്രമം അനുസരിച്ച് പെൻഷൻ ഗുണഭോക്താക്കൾ എത്തണമെന്ന് അറിയിച്ചതിനാൽ കാര്യമായ തിരക്കുണ്ടായില്ല. പൂജ്യം, ഒന്ന് എന്നീ നമ്പരുകളിൽ അവസാനിക്കുന്ന പി.ടി.എസ്.ബി അക്കൗണ്ട് നമ്പരുകളിലുള്ള പെൻഷൻകാരാണ് എത്തിയത്. ഇതല്ലാതെ മറ്റു നമ്പരുകളിലുള്ള ചിലരും എത്തിയെങ്കിലും അധിക തിരക്കില്ലാത്തതിനാൽ അവർക്കും പെൻഷൻ നൽകി. 4300 പെൻഷൻകാരുള്ള തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ സാധാരണയായി പെൻഷൻ വിതരണത്തിന്റെ ആദ്യദിനം 1300 പേരെങ്കിലും എത്തുമായിരുന്നു. എന്നാൽ ഇന്നലെ ഇരുനൂറിൽ താഴെ ആൾക്കാരാണ് എത്തിയത്.
രണ്ട് ,മൂന്ന് എന്നീ നമ്പരുകളിൽ അവസാനിക്കുന്ന പി.ടി.എസ്.ബി അക്കൗണ്ട് നമ്പരുകളിലുള്ളവർക്കാണ് ഇന്ന് പെൻഷൻ വിതരണം ചെയ്യുന്നത്. നാല്,അഞ്ച് നമ്പരുകളിൽ അവസാനിക്കുന്നവർക്ക് നാളെയും, 6,7 നമ്പരിൽ അവസാനിക്കുന്നവർക്ക് ആറാം തീയതിയും 8,9 നമ്പരിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പരുകളിലുള്ളവർക്ക് ഏഴിനുമാണ് പെൻഷൻ നൽകുന്നത്. ബാങ്കുകൾ നാലാം തീയതി വരെ രാവിലെ 10 മുതൽ 4 വരെ പ്രവർത്തിക്കും. നിശ്ചിത തീയതികളിൽ വാങ്ങാത്തവർക്ക് ഇൗ മാസം 7നു ശേഷം ഏതു പ്രവൃത്തി ദിവസവും വാങ്ങാം.