തിരുവനന്തപുരം: കൊവിഡ് കാലമായതിനാൽ പച്ചക്കറി കൃഷി ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ലൈവായി കണ്ടുകൊണ്ടിരുന്ന സലിംകുമാർ ഭാര്യ സുനിതയെ നോക്കി കണ്ണിറുക്കി, ചിരിച്ചു. 'നമ്മളിതെത്ര ചെയ്തിരിക്കുന്നു'. അടുത്ത ദിവസം മുഖ്യമന്ത്രി പറയുന്നു. ഭാര്യമാരെ ഭർത്താക്കന്മാർ പാചകത്തിൽ സഹായിക്കണമെന്ന്, അപ്പോഴും സലിംകുമാറിന്റെ മുഖത്ത് ചിരിവന്നു.
''കുറച്ചുകാലം പൊക്കാളി കൃഷി ചെയ്തു. പൊക്കാളി നെൽകൃഷി പ്രചരിപ്പിക്കാനായി ഇറങ്ങിനടക്കുകയും ചെയ്തു. എന്റെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറിയൊന്നും വാങ്ങാറില്ല. വാങ്ങുന്നത് സവാളയും ചെറിയഉള്ളിയുമാണ്. വഴുതനങ്ങ, വെണ്ടയ്ക്ക, ചീര, ചേമ്പ്, ചേന, അമര, കത്തിരിക്ക എന്നിവയെല്ലാം ഇവിടെയുണ്ട്. മുമ്പൊക്കെ പച്ചക്കറി അടുത്ത വീടുകളിലേക്ക് വേണമോ എന്നു ചോദിക്കുമ്പോൾ വേണ്ട എന്നു പറയും. ഇപ്പോൾ അവര് ചോദിച്ച് വാങ്ങിക്കൊണ്ടുപോകുന്നു."
വീട്ടിൽ മാത്രമല്ല, ലൊക്കേഷനുകളിൽ പോകുമ്പോഴും പാചകം ചെയ്യുമായിരുന്നു. ബിരിയാണി, കുഴിമന്തി, ചില്ലിചിക്കൻ, മീൻകറി അങ്ങനെയുള്ളതെല്ലാം പാചകം ചെയ്യാനറിയാം. അഞ്ചു വർഷം മുമ്പ് മദ്യപാനം നിറുത്തി. അതിനു ശേഷം ഷൂട്ടിംഗ് കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്. സുനിതയിൽ നിന്നു പാചകത്തിന്റെയും പിന്നെ വാചകത്തിന്റെയും കൺട്രോൾ ഏറ്റെടുക്കും.
യോഗ
പ്രധാനമന്ത്രി ചെയ്യുന്നപോലെ യോഗ ചെയ്യണമെന്നുണ്ട്. കാലിൽ ഒരു കുരു വന്നു. വലുതായി പഴുത്തു. അതു കീറി. ഇപ്പോൾ വച്ചുകെട്ടിയിരിക്കുകയാണ്. യോഗ ചെയ്യാൻ പറ്റില്ല. രണ്ടു മക്കളെയും രാത്രി പത്തുമണിയാകുമ്പോൾ വിളിച്ച് അടുത്തിരുത്തും. ചന്തു എം.എ അവസാനവർഷവും ആരോമൽ ബി.കോം അവസാന വർഷവും പഠിക്കുന്നു. പിള്ളേരോട് കാല് തിരുമ്മാൻ പറയും. അവരുടെ യോഗമേ.
ഭക്ഷണം
രാവിലെ - ഇഡ്ഡലി അല്ലെങ്കിൽ ഇടിയപ്പം - 4 എണ്ണം. വെജ് കറി, ചായ
ഉച്ചയ്ക്ക് - ചോറ്, മീൻ കറി
രാത്രി - പച്ചക്കറി സലാഡ്
കൊവിഡ്
'' നീ കാരണം ജനത്തിന് ഇപ്പോൾ മതം വേണ്ട, കൂട്ട പ്രാർത്ഥന വേണ്ട, ആഡംബരം വേണ്ട, എല്ലാവരും മതേതര സോഷ്യലിസ്റ്റുകളായി. ഇനിയെങ്കിലും ആളെ കൊല്ലാതെ അങ്ങ് പോയ്ക്കൂടെ. നീ പോയിക്കഴിയുമ്പോൾ സകല വർഗീയതയും വിളവെടുപ്പുകളും തലപൊക്കുമെന്നറിഞ്ഞിട്ടുതന്നെയാണ് പറയുന്നത്''