ന്യൂയോർക്ക് : അമേരിക്കയിൽ കൊവിഡ് മരണം, 5000 കടന്നു. ആറ് ആഴ്ച പ്രായമുള്ള കുഞ്ഞുൾപ്പെടെ 24 മണിക്കൂറിനിടെ അമേരിക്കയിൽ മരിച്ചത് 884 പേരാണ്. ഇതോടെ അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,113 ആയി. 215,357 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ അമേരിക്കയിലാണുള്ളത്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ജീവൻ രക്ഷാഉപകരണങ്ങളുടെയും മറ്റ് അവശ്യ വൈദ്യസജ്ജീകരണങ്ങളുടെയും എണ്ണം കുറഞ്ഞുവരികയാണ്. അമേരിക്കയിലെ പല പ്രാദേശിക ഭരണകൂടങ്ങളും മാസ്‌ക്, ഗ്ലൗസ്, വെന്റിലേറ്റർ തുടങ്ങിയവയ്ക്ക് ദൗർലഭ്യം അനുഭവപ്പെടുന്നതായി ആശങ്കയറിയിച്ചിട്ടുണ്ട്. ദിനംപ്രതി സ്ഥിതി വഷളാകുന്നതോടുകൂടി ഇറ്റലിയുടെ അതേ പാതയിലേക്കാണോ അമേരിക്ക കടക്കുന്നതെന്ന ആശങ്കയിലാണ് ലോകം.
13,000ത്തിലേറെ പേരാണ് ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. അമേരിക്കയിൽ ന്യൂയോർക്കിലാണ് കൊവിഡ് ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. 47,500ഓളം പേർക്ക് ന്യൂയോർക്കിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചു. 1,300 ലേറെ ന്യൂയോർക്ക് സ്വദേശികൾക്ക് ജീവൻ നഷ്ടമായി.ന്യൂയോർക്കിൽ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ക്വീൻസിൽ വൈറസ് ബാധ ഗുരുതരമായിരിക്കുകയാണ്.
ചെറിയ അപ്പാർട്ടുമെന്റുകളിലായി തിങ്ങി താമസിക്കുന്ന ഇവർക്കിടയിൽ വൈറസിന്റെ സാമൂഹ്യവ്യാപനം തടയുക എന്നത് ശ്രമകരമാണ്. 240,000ത്തോളം ജനങ്ങൾ യു.എസിൽ മരിക്കുമെന്നാണ് മുന്നറിയിപ്പ്.
കണക്ടികട്ടിൽ മരിച്ച ആറ് ആഴ്ച പ്രായമുള്ള കുഞ്ഞാണ് ഇതേവരെ മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞത്. ഏപ്രിൽ മാസത്തിൽ യു.എസിൽ കൊവിഡ് ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂയോർക്ക് നഗരത്തിലേക്ക് മാത്രം 2.1 ദശലക്ഷം മാസ്കുകളും 100,000 സർജിക്കൽ ഗൗണുകളും 400 വെന്റിലേറ്ററുകളും വേണം. രോഗം കാട്ടുതീ പോലെ പടരുന്ന സാഹചര്യത്തിൽ ന്യൂയോർക്കിലെ ആശുപത്രികളിൽ രോഗിക
ൾക്കായി 65,000 കിടക്കകൾ വേണ്ടി വരുമെന്നാണ് നിഗമനം. ഇതിനായി നിലവിലുള്ള കിടക്കകളുടെ എണ്ണം മൂന്ന് മടങ്ങ് വർദ്ധിപ്പിക്കേണ്ടി വരും. മണിക്കൂറുകൾക്കുള്ളിൽ രോഗികൾ മരിച്ചു വീഴുന്നതിനാൽ മൃതദേഹങ്ങൾ സൂക്ഷിക്കാനും സ്ഥലമില്ലാത്ത അവസ്ഥയാണ്. ആശുപത്രികൾക്ക് പുറത്ത് സജ്ജീകരിച്ചിരിക്കുന്ന ശീതികരിച്ച ട്രക്കുകളിലാണ് ഇപ്പോൾ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ട്രക്കുകൾ നിറഞ്ഞ് കവിഴുന്ന കാഴ്ചകളാണ് കാണാനാകുന്നത്. ന്യൂ ഓർലിയൻസ്, ഫ്ലോറിഡ, ജോർജിയ, മിസിസിപ്പി സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.