തിരുവനന്തപുരം: കൊവിഡ്-19 വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും ഈ സ്ഥിതി തുടർന്നാൽ കടുത്ത നിയന്ത്രണത്തെപ്പറ്റി ആലോചിക്കേണ്ടിവരുമെന്നും
ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം കടുത്ത നിയന്ത്രണത്തിലേക്ക് പോകേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
' കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി തെലങ്കാന പകുതി ശമ്പളം വെട്ടിക്കുറച്ചു. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ, കേരളം മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി.
സ്ഥിതിഗതികൾ ഇതുപോലെ തുടർന്നാൽ ശമ്പളം വെട്ടിച്ചുരുക്കുന്നതാലോചിക്കാൻ കേരള സർക്കാരും നിർബന്ധിതമാകുമെന്നു ഐസക് പറഞ്ഞു.
ഇപ്പോൾ എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഒറ്റത്തവണയായി വേണ്ട. കഴിഞ്ഞതവണത്തെ പോലെ തവണകളായി അടയ്ക്കാം. നിർബന്ധമാക്കിയാൽ പിന്നെ ചലഞ്ച് ഇല്ലല്ലോ. നല്ലമനസുള്ളവർ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി
ലോട്ടറി, മദ്യം നികുതിവരവുകൾ നിലച്ചു. മോട്ടോർ വാഹന വില്പനയില്ല. അവയുടെ നികുതി അടയ്ക്കുന്നതിലും ഇളവ്. സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ ഏപ്രിലിൽ വരുമാന പ്രതീക്ഷയില്ല. വില്പന നടക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് മേലാകട്ടെ ജി.എസ്.ടിയില്ല. ജി.എസ്.ടി കുടിശ്ശിക നൽകുക, വായ്പാപരിധി ഉയർത്തുക, ആരോഗ്യമേഖലയ്ക്ക് കൂടുതൽ പണം അനുവദിക്കുക എന്നീ ആവശ്യങ്ങൾ കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്.
സാലറി ചലഞ്ചിന് ഇപ്പോൾ അഭ്യർത്ഥന നടത്തുക മാത്രമാണുണ്ടായത്. പ്രതികരണങ്ങളെങ്ങനെയെന്ന് നോക്കാം
-മുഖ്യമന്ത്രി പിണറായി വിജയൻ
ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് പ്രതിപക്ഷം
സാമ്പത്തികപ്രതിസന്ധിയുടെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് വി.ഡി.സതീശൻ എം.എൽ.എ കുറ്റപ്പെടുത്തി. നികുതിവർദ്ധന 30 ശതമാനമുണ്ടാകേണ്ടത് പത്ത് ശതമാനമാണുണ്ടായത്. ജീവനക്കാർ സാലറിചലഞ്ചിൽ പങ്കെടുത്താലേ സർക്കാരിന് ശമ്പളം കൊടുക്കാനാവൂ. മയത്തിൽ ജീവനക്കാരെ ധനമന്ത്രി ഭീഷണിപ്പെടുത്തുകയാണെന്നും സതീശൻ പറഞ്ഞു.
പ്രതിസന്ധിക്ക് കാരണം ധൂർത്ത്: കെ.സുരേന്ദ്രൻ
തകർച്ചയ്ക്ക് കാരണം സർക്കാരിന്റെ ധൂർത്താണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. സ്വന്തം പരാജയം മറയ്ക്കാൻ ധനമന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്. കൊവിഡിന്റെ പേരിൽ പിരിക്കുന്ന പണം ശരിയായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകണമെന്നും സുരേന്ദ്രൻ പറഞ്ഞു.