sreekaryam

തിരുവനന്തപുരം: ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിൽ 25 ലധികം സ്ഥലങ്ങളിൽ സംഘമായി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഹാപ്പിയാണ്. ഇവർക്ക് കരുതലുമായി ശ്രീകാര്യം പൊലീസും അന്നദാതാക്കളായി ഇളംകുളം ക്ഷേത്രവുമുണ്ട്. സ്റ്റേഷൻ പരിധിയിൽ 300 ഓളം അന്യസംസ്ഥാനക്കാരാണുള്ളത്. ലോക്ക്ഡൗൺ ആരംഭിച്ചതോടെ കൈയിലുണ്ടായിരുന്ന കാശും ആഹാരസാധനങ്ങളും തീർന്നതോടെ പ്രതിസന്ധിയിലായിരുന്നു ഇവ‌ർ. മൂന്ന് ദിവസമായി കൃത്യമായ ആഹാരമില്ലാതായവരും കൂട്ടത്തിലുണ്ടായിരുന്നു. ഇവർക്ക് ഭക്ഷണം ഉറപ്പാക്കുകയാണ് സി.ഐ അഭിലാഷ് ഡേവിഡും എസ്.ഐ വി.എസ്. സുധീഷ് കുമാറും ആദ്യം ചെയ്തത്. ഇതിനായി ഇളംകുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിനെ സമീപിച്ചു. അധികം വൈകാതെ ഭക്ഷണസാധനങ്ങളുമായി പൊലീസും ക്ഷേത്ര ഭാരവാഹികളും തൊഴിലാളികളുടെ ക്യാമ്പുകളിലെത്തി. ലോക്ക്ഡൗൺ മൂലം തൊഴിലില്ലാതായ പ്രദേശത്തെ 300 ദിവസവേതനക്കാർക്ക് നൽകുന്ന സഹായത്തിന് പുറമേയാണ് ക്ഷേത്ര ട്രസ്റ്റ് അന്യസംസ്ഥാന തൊഴിലാളികൾക്കും അന്നം നൽകുന്നത്. ദൂരദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികൾക്കും ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ആഹാരസാധനങ്ങൾ എത്തിക്കുന്നുണ്ട്.