pinarayi

വെഞ്ഞാറമൂട്: ജനതാ കർഫ്യൂ ഏറ്റെടുത്ത് ജനം. നെല്ലനാട് ഗ്രാമപഞ്ചായത്ത് നിശ്ചലം. പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗം ചേർന്ന് പ്രഖ്യാപിച്ച ജനതാ കർഫ്യൂവിൽ സർവമേഖലകളും നിശ്ചലമായി. റേഷൻ കടകളും, മെഡിക്കൽ സ്റ്റോറുകളും ഒഴികെ, കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. റോഡ് ഗതാഗതം പൂർണമായും നിലച്ചു. വെഞ്ഞാറമൂട് ജംഗ്ഷനിൽ ഡി.ഐ.ജി കെ. സഞ്ജയ് കുമാർ ഗുരുദിന്റെയും ജില്ലാ പൊലീസ് മേധാവി ബി. അശോകന്റെയും നേതൃത്വത്തിൽ കർശന വാഹന പരിശോധന നടത്തി. വിലക്ക് ലംഘിച്ച് നിരത്തിലിറങ്ങിയവരെ തിരിച്ചയച്ചു. റോഡിൽ ബാരിക്കേഡുകൾ വച്ചാണ് വാഹന പരിശോധന നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ യാത്ര ചെയ്തവർക്ക് ജനമൈത്രി പൊലീസ് കോ-ഓഡിനേറ്റർ ഷെരീർ വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ പ്രതിരോധ ഉപകരണങ്ങൾ നൽകി. വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ വിജയരാഘവൻ, സബ്ബ് ഇൻസ്പക്ടർ മധു തുടങ്ങിയവർ വാഹന പരിശോധനയിൽ പങ്കെടുത്തു. റേഷൻ കടകളിലും ബാങ്കുകളിലും മെഡിക്കൽ ഷോപ്പുകളിലും സാമൂഹ്യ അകലം പാലിച്ച് വരിനിൽക്കാൻ അനുവദിച്ചു. കൊവിഡ് രാജ്യത്ത് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 7 വരെയായിരുന്നു ജനതാ കർഫ്യു. ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടിലായവർക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചു.