മലയിൻകീഴ് : മൂക്കുന്നിമല ഇടമലയിൽ ഇന്നലെ തീ പിടിത്തമുണ്ടായി. ഇടമല ക്ഷേത്രത്തിന് സമീപത്താണ് ആദ്യം തീ പിടിച്ചത്. കാട്ടാക്കട ഫയർഫോഴ്സ് ആ ഭാഗത്തെ തീ കെടുത്തി തിരികെ പോകാനൊരുങ്ങുമ്പോൾ, മച്ചേൽ കുളങ്ങരക്കോണം മസീന ഗ്യാസ് ഗോഡൗണിന് സമീപം തീ പിടിച്ചു. മണിക്കൂറുകളെടുത്ത് തീ കെടുത്തി. പാഴ്ച്ചെടികളിലാണ് കത്തിയത്. സാമൂഹ്യവിരുദ്ധർ തീ ഇട്ടെന്നാണ് ഫയർഫോഴ്സ് നൽകിയ വിവരം. ഇടമല ഭാഗത്തെ 70 ഏക്കറിലേറെ പാഴ്ച്ചെടികളും മരങ്ങളും കത്തിയിട്ടുണ്ട്. മുകൾ ഭാഗത്തേക്ക് ഫയർ ഫോഴ്സിന് കടന്ന് ചെല്ലാനാകാത്തതിനാലാണ് മലയുടെ ഒരുഭാഗമാകെ കത്താൻ കാരണ മെന്ന് നരുവാമൂട് സി.ഐ ധനപാലൻ പറഞ്ഞു. തീപിടിത്തം വൈകുന്നേരം 5.30 യോടെ നിയന്ത്രണ വിധേയമാക്കി. ആർമിയുടെ ഫയറിംഗ് ബെഡ് മേഖല സ്ഥിതിചെയ്യുന്ന വനഭൂമിയും സ്വകാര്യ
ഭൂമിയിലുമാണ് തീ പടർന്ന് പിടിച്ചത്. ചെറുജീവികളും പക്ഷികളും ചത്തൊടുങ്ങുകയും. പ്രാണരക്ഷാർത്ഥം നിരവധി കുരങ്ങുകൾ
മലയം, വിളവൂർക്കൽ, ചൂഴാറ്റുകോട്ട ഭാഗത്തേക്ക് കടന്നിട്ടുണ്ട്.
മച്ചേൽ കുളങ്ങരക്കോണത്ത് തീ കെടുത്തിയ ശേഷം തിരിച്ചിറങ്ങിയ കാട്ടാക്കട ഫയർഫോഴ്സിനെതിരെ സമീപ വാസിയായ ഒരു പൊലീസ് ഡ്രൈവറും സുഹൃത്തും ചേർന്ന് അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിച്ചതായും സീനിയർ ഫയർ ഫോഴ്സ് ഓഫീസർ പത്മകുമാർ പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കിയപ്പോൾ പുക ഉയർന്നതാണ് പൊലീസ് ഡ്രൈവർ ബാബുരാജ് അസഭ്യം പറയാൻ കാരണം. ഇതുസംബന്ധിച്ച് പൊലീസ് മേധാവിക്ക് ഫയർ ഫോഴ്സ് അധികൃതർ പരാതി നൽകുമെന്നും പത്മകുമാർ പറഞ്ഞു. വ്യാജചാരായം നിർമ്മിക്കലും വില്പനയും ഉൾപ്പെടെ നിരവധി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ഇടമലഭാഗത്ത് നടക്കുന്നതായി ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു.