covid

കാസർകോട്ട് മാദ്ധ്യമപ്രവർത്തകർക്കും കൊവിഡ് സംശയം

@ അതീവ ജാഗ്രത : തിരുവനന്തപുരം,​ കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂർ

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം വീണ്ടും വ‌ർദ്ധിക്കുന്നതിനിടെ, തലസ്ഥാനം ഉൾപ്പെടെ ​ഏഴ് ജില്ലകൾ കേന്ദ്രസർക്കാരിന്റെ അതീവജാഗ്രതാ പ്രദേശമായ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി.

ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ

കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതാണ് ഇക്കാര്യം.

തിരുവനന്തപുരത്തിന് പുറമേ കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂർ എന്നീ ജില്ലകളെയാണ് ഉൾപ്പെടുത്തിയതെന്നും ഇതോടെ സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്നലെ 21 പേർക്ക് വൈറസ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കാസർകോട്ട് എട്ട് പേർക്കും ഇടുക്കിയിൽ അഞ്ചു പേർക്കും കൊല്ലത്ത് നിന്നുള്ള രണ്ട് പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഒൻപത് പേർ വിദേശത്ത് നിന്നും ഒരാൾ ഗുജറാത്തിൽ നിന്നും വന്നവരാണ്. രണ്ട് പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഒൻപത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത് ദുബായിൽ നിന്നെത്തിയ 47കാരനായ തിരുവല്ലം സ്വദേശിക്കാണ്. ജനറൽ ആശുപത്രി ഐസൊലേഷനിലായിരുന്ന ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷനിലേക്ക് മാറ്റി.

അതേസമയം കാസർകോട്ട് മാദ്ധ്യമപ്രവർത്തകർക്കും വൈറസ് ബാധ സംശയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. രണ്ട് മാദ്ധ്യമപ്രവർത്തകരുടെ ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ 256 പേരാണ് സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്നലെ തിരുവനന്തപുരത്തും മലപ്പുറത്തും ഓരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവായി. ഇവരെ ഡിസ്ചാർജ് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ആകെ 286 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 28 പേർ രോഗമുക്തി നേടി ഡിസ്ചാർജായി. രണ്ട് പേർ മരണമടഞ്ഞു. 8456 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 7622 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.


സംസ്ഥാനത്ത് ഇതുവരെ

നിരീക്ഷണത്തിൽ - 1,65,934 പേർ

വീടുകളിൽ - 1,65,291

ആശുപത്രിയിൽ - 643 പേർ

ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് - 145 പേരെ

വിദേശത്ത് നിന്നെത്തിയവർ നിരീക്ഷണത്തിൽ പോകണം

കൊവിഡിനെതിരായ ജാഗ്രത കർശനമാക്കുന്നതിന്റെ ഭാഗമായി മാർച്ച് അഞ്ചിനും 24നും ഇടയ്ക്ക് വിദേശത്ത് നിന്നെത്തിയവരെ 28 ദിവസം നിരീക്ഷണത്തിലാക്കാനും സർക്കാർ തീരുമാനിച്ചു. ഇവർ പ്രായമായവരോടും മറ്റ് അസുഖങ്ങളുള്ളവരുമായും ഒരുകാരണവശാലും അടുത്ത് ഇടപഴകരുതെന്നും നിർദ്ദേശമുണ്ട്.