കിളിമാനൂർ: ലോക്ക് ഡൗണിന്റെ മറവിൽ ന​ഗരൂർ നെടുമ്പറമ്പ് ​ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. സ്കൂളിലെ ക്ലാസ് മുറികളുടെ വാതിൽ തകർത്ത് അകത്തു കയറിയ കള്ളന്മാർ സ്കൂളിലെ പ്ലസ് ടു ബ്ലോക്കിൽ കടന്ന് പ്രോജക്ടറുകൾ കടത്തി. വ്യാഴാഴ്ച രാവിലെ ശമ്പള ബില്ലുമായി ബന്ധപ്പെട്ട് സ്കൂളിൽ എത്തിയ അദ്ധ്യാപകർ പ്ലസ്ടു ക്ലാസ് മുറികളിലെ ഫാനുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രൊജക്ടറുകൾ നഷ്ടമായ വിവരം അറിയുന്നത്. നാലു ക്ലാസ് മുറികളിലും സ്ഥാപിച്ചിരുന്ന പ്രൊജക്ടറുകൾ നഷ്ടമായി. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വിവരമറി‍ഞ്ഞ് ന​ഗരൂർ പൊലീസും ഫോറൻസിക് വിദ​ഗ്ദ്ധരും ഡോ​ഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. അതേസമയം ഇക്കഴിഞ്ഞ 26വരെ സ്കൂളിൽ വാച്ച്മാൻ ഉണ്ടായിരുന്നതായി പി.ടി.എ അറിയിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാച്ച്മാന്റെ സേവനവും ഒഴിവാക്കിയിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നും പി.ടി.എ ആവശ്യപ്പെട്ടു.