സംസ്ഥാന വിദഗ്ദ്ധസമിതി ഉടനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ ക്രമേണ പിൻവലിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അറിയിക്കാൻ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്ഡൗൺ ഒറ്റയടിക്ക് പിൻവലിച്ചാൽ ആളുകൾ വല്ലാതെ തള്ളിക്കയറുന്ന സാഹചര്യം ഒഴിവാക്കാനുള്ള വഴികളാണ് അറിയിക്കേണ്ടത്. പ്രധാനമന്ത്രി നിർദ്ദേശിച്ച പ്രകാരം,ഇതിനായി സംസ്ഥാനത്ത് വിദഗ്ദ്ധസമിതിയെ നിയോഗിക്കാൻ ഇന്ന് നടപടിയാരംഭിക്കും. ലോക്ഡൗൺ നീട്ടില്ലെന്ന ഉറപ്പല്ല നൽകിയത്.പെട്ടെന്ന് അവസാനിപ്പിക്കാനാവില്ലെന്നും, പിൻവലിച്ചാലും ശാരീരിക അകലം പാലിക്കുന്നതടക്കമുള്ള നിബന്ധനകൾ തുടരേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയെങ്കിലും കേരളത്തിൽ മരണനിരക്ക് കുറവാണെന്നത് ശ്രദ്ധേയമാണെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി ചൂണ്ടിക്കാട്ടി. സംസ്ഥാനാന്തര ചരക്കുനീക്കം ഉറപ്പാക്കണമെന്നും , മഹാമാരിയെ ഒറ്റക്കെട്ടായി നേരിടണമെന്ന ചിന്ത എല്ലാ സംസ്ഥാനങ്ങൾക്കുമുണ്ടാകണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
ദുരന്തനിവാരണ
ഫണ്ടിന്157കോടി
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിന്റെ സംസ്ഥാന വിഹിതമായി 157കോടി നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
എൻ.ജി.ഒ സംഘടനകളെ ഉൾപ്പെടുത്തി ജില്ലാതല ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് ഉണ്ടാക്കണമെന്നും കാർഷികരംഗത്തെ വിളവെടുപ്പിന് ഓൺലൈൻ പൂളിംഗ് ഏർപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
എൻ.എസ്.എസ്,എൻ.സി.സി
വോളണ്ടിയർമാരും
പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരം, അഞ്ച് വർഷത്തിനിടെ കലാലയങ്ങളിലടക്കം എൻ.സി.സി, എൻ.എസ്.എസ് വോളണ്ടിയർമാരായി പ്രവർത്തിച്ചവരെ ഉൾപ്പെടുത്തി സന്നദ്ധസേനയെ വിപുലീകരിക്കും. ഇപ്പോൾ 2,31,000 വോളണ്ടിയർമാരുണ്ട്. യുവജനകമ്മിഷൻ രജിസ്റ്റർ ചെയ്ത വോളണ്ടിയർമാരും ഇതിന്റെ ഇനി വരാനുണ്ട്.
മലയാളികളുടെ
സുരക്ഷ ഉറപ്പാക്കണം
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രം നിർദ്ദേശിച്ചതിൽ ഏറിയകൂറും കേരളം നടപ്പാക്കിയിട്ടുണ്ട്. ലോകത്താകെയുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം ഇടപെടണമെന്നും വിദേശത്തുള്ളവർക്ക് ഇന്ത്യൻ എംബസികളുടെ സഹായത്തോടെ ക്വാറന്റൈൻ കേന്ദ്രങ്ങളൊരുക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
വിദേശത്തുള്ള മലയാളി നഴ്സുമാർക്ക് വ്യക്തിഗത പ്രതിരോധസംവിധാനം ഉറപ്പാക്കണം.
മറ്റ് കാരണങ്ങളാൽ വിദേശരാജ്യങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസികൾക്ക് നിർദ്ദേശം നൽകണം. കൊവിഡ് ആശുപത്രികൾക്കായി ദുരന്തനിവാരണ നിധിയിൽ നിന്ന് തുക വിനിയോഗിക്കാൻ അനുമതി നൽകണം. ലോക്ഡൗൺ പിൻവലിച്ചാൽ അന്യ സംസ്ഥാന തൊഴിലാളികൾക്ക് മടങ്ങാൻ സംവിധാനമൊരുക്കണം. കൂടുതൽ വൈറസ് പരിശോധനാകേന്ദ്രങ്ങൾക്ക് അനുമതി നൽകണം. സംസ്ഥാനത്തിന്റെ വായ്പാ പരിധി മൂന്നിൽ നിന്ന് അഞ്ച് ശതമാനമാക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.