നെടുമങ്ങാട്: കരാറുകാരനും ചുമട്ടുതൊഴിലാളികളും തമ്മിലുണ്ടായ തർക്കത്തിൽ സപ്ലൈകോയുടെ നെടുമങ്ങാട് ഗോഡൗണിലെത്തിയ സൗജന്യ റേഷനരി ഇറക്ക് 10 മണിക്കൂർ തടസപ്പെട്ടു. എറണാകുളം കാലടിയിൽ നിന്ന് ഇന്നലെ രാവിലെ എത്തിച്ച ലോഡാണ് സി.ഐ.ടി.യു തൊഴിലാളികളുടെ തർക്കത്തിൽ ഇറക്കാൻ വെെകിയത്. ലോറികളിൽ നിയന്ത്രിത എണ്ണത്തിൽ കൂടുതൽ അരിച്ചാക്ക് കയറ്റി വന്നെന്ന് ആരോപിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. 350 ചാക്കിന് പകരം 800 ചാക്ക് വീതം നിറച്ച മൂന്ന് ലോഡാണ് എത്തിയതെന്ന് തൊഴിലാളികൾ പറഞ്ഞു. അമിത ലോഡിന് മറിപ്പ് കൂലി നൽകണമെന്ന തൊഴിലാളികളുടെ ആവശ്യം കരാറുകാരൻ അംഗീകരിച്ചില്ല. ഇതോടെ തൊഴിലാളികൾ ലോഡിറക്കാതെ മറ്റുജോലികളിലേർപ്പെട്ടു. ചരക്ക് ഇറക്കാൻ അമിതകൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് കരാറുകാരൻ സപ്ലൈകോ, റവന്യൂ അധികൃതർക്ക് പരാതി നൽകി. ഉച്ചയോടെ സ്ഥലത്തെത്തിയ തഹസിൽദാർ എം.കെ. അനിൽകുമാർ യൂണിയൻ നേതാക്കളും കരാറുകാരനുമായി നടത്തിയ ചർച്ചയിൽ ഇനി മുതൽ അമിത ലോഡ് കയറ്റില്ലെന്ന ഉറപ്പിന്മേൽ പ്രശ്നം പരിഹരിച്ചു. വൈകിട്ട് അഞ്ചരയോടെ മൂന്ന് ലോഡും ഇറക്കിത്തീർത്തു. സി.ഐ.ടി.യു നേതാവും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി. ഹരികേശൻ നായരും നെടുമങ്ങാട് സപ്ലെെ ഓഫീസറും ചർച്ചയിൽ പങ്കെടുത്തു. കൂലിത്തർക്കമാണ് റേഷനരി ഇറക്കാൻ താമസിച്ചതെന്ന ആരോപണം വസ്‌തുതാപരമല്ലെന്ന് പി. ഹരികേശൻ നായർ പറഞ്ഞു.