zezico-guajajara

റിയോ ഡി ജനീറോ : ആമസോൺ പരിസ്ഥിതി സംരക്ഷകൻ വെടിയേറ്റ് മരിച്ച നിലയിൽ. ആമസോണിയൻ വനാന്തരങ്ങളിലെ ഗുജ്ജാര ഗോത്രവർഗത്തിലെ അംഗമായ സെസികോ ഗുജ്ജാരയെയാണ് ഗ്രാമത്തിനടുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആമസോണിയൻ കാടുകളിൽ അനധികൃതമായി മരങ്ങൾ മുറിച്ചു കടത്തുന്ന മാഫിയകൾക്കെതിരെ പ്രവർത്തിക്കുന്ന ' ഗാർഡിയൻസ് ഒഫ് ദ ഫോറസ്‌റ്റ് ' സംഘടനയിലെ അംഗമായിരുന്നു മുൻ അദ്ധ്യാപകൻ കൂടിയായിരുന്ന സെസികോ.

ആറു മാസത്തിനിടെ ഇത് അഞ്ചാമത്തെ പരിസ്ഥിതി പ്രവർത്തകനാണ് ആമസോണിയൻ കാടുകളിൽ കൊല്ലപ്പെടുന്നത്. കിഴക്കൻ ആമസോൺ മേഖലയിലെ ഗോത്രവർഗക്കാരെ സംരക്ഷിക്കുന്നതിൽ വീ‌‌ഴ്‌ച വരുത്തുന്നുവെന്ന് ആരോപിച്ച് ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസനാരോയ്‌ക്കെതിരെ രാജ്യത്തിനകത്തും പുറത്തും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ബോൽസനാരോ മുമ്പ് ആമസോണിയൻ കാടുകൾ നശിപ്പിച്ച് കൃഷി ചെയ്യുന്നവരെയും മരം മുറിച്ച് കടത്തുന്നവരെയും ന്യായീകരിച്ച് സംസാരിച്ചിരുന്നു. 20,000ത്തോളം അംഗങ്ങളുള്ള ബ്രസീലിലെ ഏറ്റവും വലിയ ആദിമ ഗോത്രവർഗമാണ് ഗുജ്ജാരകൾ.

2012ലാണ് ഇവർ ആമസോണിയൻ കാടുകളുടെ സംരക്ഷണത്തിനായി ഗാർഡിയൻസ് ഒഫ് ദ ഫോറസ്‌റ്റ് സംഘടന രൂപീകരിച്ചത്. അതേ സമയം, സെസികോയെ കൊലപ്പെടുത്തിയതാരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബ്രസീലിയൻ ഇൻഡിജനസ് പീപ്പിൾസ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ നവംബറിലാണ് ആമസോൺ പരസ്ഥിതി സംരക്ഷക നേതാവായ പൗലോ പൗലിനോ ഗുജ്ജാരയെ (28 ) വനം കൊള്ളക്കാർ സമാനരീതിയിൽ വെടിവച്ച് കൊന്നത്. വനനശീകരണത്തിനെതിരെ പൗലിനോയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് വരുന്നതിനിടെയായിരുന്നു കൊലപാതകം.