modi-

ന്യൂഡൽഹി: കൊവിഡിൽ ജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാൻ പുതിയ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ അഞ്ചാം തീയതി ഞായറാഴ്ച രാജ്യത്താകമാനം ജനങ്ങൾ രാത്രി ഒമ്പത് മണിയ്ക്ക് ഒമ്പത് മിനിറ്റ് വീടുകളിലെ എല്ലാ വെളിച്ചവും അണച്ച് വാതിലടച്ച ശേഷം വീടുകളുടെ വാതിൽക്കലേക്കോ, ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ തെളിയിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച നമ്മുടെ ശക്തി കാണിയ്ക്കേണ്ട ദിവസമാമെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ ഐക്യം ലോകം പിന്തുടരുകയാണെന്നും പറഞ്ഞു.

കൊറോണ ഉയർത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണം.ഈ സമയത്ത് ആരും ഒന്നിച്ച് പുറത്തിറങ്ങരുത്. വീട്ടിലെ ബാൽക്കണിയിലോ വാതിലിലോ നിൽക്കുക. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും. ജനങ്ങളുടെ ഊർജ്ജവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനും ലോക്ക് ഡൗണിന്റെ പ്രാധാന്യം ബോധിപ്പിക്കാനുമാണ് പ്രധാനമന്ത്രി ഈ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ നീട്ടുമോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.

രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെതിരെ പോരാടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക് ഡൗണിനോട് സഹകരിച്ച എല്ലാവർക്കും നന്ദി. കൊവിഡിനെതിരായ പോരാട്ടം തുടരണം. ജനങ്ങൾ അച്ചടക്കം പാലിച്ചു.നിങ്ങൾ ഒറ്റയ്ക്കല്ല,130 കോടി ജനങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. കഷ്ടപ്പാട് എപ്പോൾ തീരുമെന്ന് ആശങ്കപ്പെടുന്നുതായും പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. രാജ്യത്തിന്റെ ഐക്യം ലോക്ക് ഡൗണില്‍ പ്രകടമായെന്നും ലോക്ക് ഡൗണിന്റെ നാളുകളില്‍ രാജ്യത്തിന്റെ ഭരണ സംവിധാനം നന്നായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


കൊറോണ വ്യാപനം തടയാന്‍ അടച്ചിടല്‍ നിലവിലുള്ള പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം നല്‍കിയത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം രണ്ടുവട്ടം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു.