തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് റിട്ട.എ.എസ്.ഐ അബ്ദുൾ അസീസ് മരണമടഞ്ഞതിനെ തുടർന്ന് പോത്തൻകോട് പഞ്ചായത്തിലും പരിസരത്തും പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് മൂന്നാംദിവസവും തുടരുന്നു. പോത്തൻ കോടും പരിസര പ്രദേശത്തും റേഷൻ കടകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും പുറമേ അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന കടകളും തുറന്നെങ്കിലും ആളുകൾ കൂട്ടം കൂടുന്നതിനും കൂട്ടമായി സാധനങ്ങൾ വാങ്ങാനിറങ്ങുന്നതിനും കർശനമായ വിലക്ക് തുടരുകയാണ്. രാവിലെ 7മുതൽ 9 വരെ രണ്ട് മണിക്കൂറാണ് കടകൾ തുറക്കാൻ അനുമതിയുള്ളത്. കടകൾ തുറന്നതോടെ അരി, പാൽ, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ വാങ്ങാൻ ആളുകൾ ഒറ്റയ്ക്കൊറ്റയ്ക്ക് കടകളിൽ വന്നുപോകുന്നുണ്ട്.

നിയന്ത്രങ്ങളിൽ വരുത്തിയ അയവ് കൈവിട്ടുപോകാതിരിക്കാൻ പ്രദേശത്ത് പൊലീസ് ജാഗ്രത തുടരും. കടകൾ നിശ്ചിത സമയത്തിലധികം തുറന്ന് വയ്ക്കുന്നത് തടയാനും സാമൂഹ്യ അകലം പാലിച്ച് രോഗ പ്രതിരോധ നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിലും പൊലീസ് പരിശോധനകൾ ഇന്നും കർശനമാണ്. അനാവശ്യമായി ആളുകൾ കൂട്ടം കൂടുന്നത് തടയാൻ ജംഗ്ഷനുകളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരീക്ഷണവും ശക്തമാണ്. സമ്പൂർണ ലോക്ക് ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും നിരോധനാജ്ഞയുൾപ്പെടെയുള്ള നടപടികളും ലംഘിക്കാൻ ആരും മുതിർന്നതായി റിപ്പോർട്ടുകളില്ല. എന്നാൽ സാമൂഹ്യവ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള സർക്കാർ പ്രഖ്യാപനങ്ങൾ പാലിക്കുന്നതിൽ നിയന്ത്രണങ്ങളിൽ ഇളവ് വരും വരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പൊലീസും ആരോഗ്യവകുപ്പും അറിയിച്ചു.