മുംബയ്: ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 35 കാരനായ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാമത്തെ ആൾക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഡാേക്ടറുമായി അടുത്തിടപഴകിയവരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്. ഇദ്ദേഹം താമസിക്കുന്ന കെട്ടിടം സീൽ ചെയ്തു. ഇവിടെ വീണ്ടും രോഗം സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യവകുപ്പ്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമാണ് ധാരാവി. ഇവിടെ രോഗം പടർന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് അധികൃതർ ഭയക്കുന്നത്. ജനങ്ങൾ അധികൃതരോട് സഹകരിക്കാത്തതും പ്രശ്നമുണ്ടാക്കുന്നുണ്ട്. മുംബൈ സെൻട്രൽ, പരേൽ, ഖാഡ്കൂപ്പർ, വകോല എന്നിവടങ്ങളിലെ ചേരികളിൽ നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.
ധാരാവിയിൽ കഴിഞ്ഞ ദിവസം മരിച്ച 51കാരന് മരണശേഷമാണ് രോഗം സ്ഥിരീകരിച്ചത്. അതിന് മുൻപ് മാർച്ച് 23ന് ഇയാൾ ഒരു ക്ലിനിക്കിൽ ചികിത്സ തേടി. 29നാണ് സയനിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ ആരൊക്കെ ആയി ഇടപഴകിയെന്ന് നിശ്ചയമില്ല.