വാഷിംഗ്‌ടൺ : അമേരിക്കൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് തിയഡോർ റൂസ്‌വെൽറ്റിലെ കമാൻഡർ ആയ ക്യാപ്‌ടൻ ബ്രെറ്റ് ക്രോസിയറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്‌തു. കപ്പലിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടെന്നും ഇത് തടയാൻ നാവികസേന ശ്രമം നടത്തുന്നില്ലെന്ന് ആരോപിച്ചതിനെ തുടർന്നാണ് നടപടി. ഇപ്പോൾ തങ്ങൾ യുദ്ധമുഖത്തല്ലെന്നും കപ്പലിനുള്ളിലെ സൈനികരെ രക്ഷിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ എല്ലാവരും മരിക്കുമെന്നും ചൂണ്ടിക്കാട്ടി ക്രോസിയർ മേലുദ്യോഗസ്ഥർക്ക് കത്തയച്ചിരുന്നു.
ക്രോസിയറുടെ ഭാഗത്ത് നിന്നും വളരെ മോശമായ പരാമർശമാണ് ഉണ്ടായിരിക്കുന്നതെന്ന് യു.എസ് നേവി ആക്‌ടിംഗ് സെക്രട്ടറി തോമസ് മോഡ്‌ലി അറിയിച്ചു. കപ്പലിനുള്ളിൽ കുറഞ്ഞത് നൂറ് പേർക്കെങ്കിലും ഇതേവരെ വൈറസ് ബാധ ഉണ്ടായതായാണ് റിപ്പോർട്ട്. പ്രതിരോധ മന്ത്രാലയത്തിന് അയച്ച കത്ത് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെതിരെയാണ് ക്യാപ്‌ടൻ ക്രോസിയറിനെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നതെന്ന് മോഡ്‌ലി പറഞ്ഞു. നാവിക സേനയോ ഗവൺമെന്റോ ഒന്നും ചെയ്യുന്നില്ലെന്ന മട്ടിലാണ് ക്രോസിയർ കത്തെഴുതിയിരിക്കുന്നതെന്നും മോഡ്‌ലി ആരോപിച്ചു.
കപ്പലിൽ ഇതേവരെ വൈറസ് ബാധിച്ചിട്ടില്ലാത്ത 4,000ത്തിലേറെ സൈനികരെ നാവികസേന ഇപ്പോൾ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലുള്ള യു.എസ് ദ്വീപായ ഗുവാമിൽ ക്വാറന്റൈൻ ചെയ്‌തിരിക്കുകയാണ്. എന്നാൽ ഇവിടത്തെ നാട്ടുകാരുമായി സൈനികർ ഇടപെടാൻ പാടില്ല.
കപ്പലിനുള്ളിൽ പരിമിത സ്ഥലത്ത് താമസിക്കുന്നതിനാൽ കൊവിഡ് വളരെ വേഗത്തിൽ അതിനുള്ളിലെ 5000ത്തോളം സൈനികരെ ബാധിക്കുമെന്ന് ക്രോസിയർ പെന്റഗണിന് മുന്നറിയിപ്പ് നൽകിയിരുന്നു. ' ഞങ്ങൾ യുദ്ധമുഖത്തല്ല, നാവികർ മരിക്കാൻ ആഗ്രഹിക്കുന്നില്ല ' എന്ന് ക്രോസിയർ തന്റെ കത്തിൽ കുറിച്ചിരുന്നു. മാർച്ച് 30നാണ് നാല് പേജുകളോടു കൂടിയ കത്ത് പുറത്തുവരുന്നത്. വൈറസ് ബാധയേല്ക്കാത്ത നാവികരെ കപ്പലിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്യണമെന്നും ക്ലോസിയർ ആവശ്യപ്പെട്ടിരുന്നു. ക്രോസിയറുടെ കത്ത് മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ ആണ് ക്രോസിയറുടെ കത്ത് ആദ്യമായി പുറത്തുവിട്ടത്.