പാറശാല:ആറു ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം വീട്ടിന് സമീപത്തെ കിണറ്റിനുള്ളിൽ കണ്ടെത്തി. കാരക്കോണം ജില്ലാ സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ നെടിയാംകോട് മേക്കൊല്ല എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു സമീപം തുഷാരം വീട്ടിൽ പ്രകാശിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി നെയ്യാറ്റിൻകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ശ്രീരഞ്ജിനി. മക്കൾ വൈഗ പ്രകാശ്, ആരവ്.