തൊടുപുഴ: ഇടുക്കിയിൽ കൊവിഡ് രോഗം കുടുംബ വ്യാപനത്തിലേക്ക്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയായ തയ്യൽക്കടക്കാരന്റേയും ബൈസൺവാലിയിലെ അദ്ധ്യാപികയുടേയും കുടുംബാംഗങ്ങൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതു വരെ 10 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് രോഗികളുടെ കുടുംബാംഗങ്ങളിലേക്കും രോഗം പകരുന്നതിൽ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. പൊതുപ്രവർത്തകന് രോഗം സ്ഥിരീകരിച്ച ഉടൻ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകിയിരുന്നു. ഇവരുമായി ഇടപഴകിയ ഇരുനൂറോളം ആളുകളെ ക്വറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിസ്സാമുദീനിൽ മത സമ്മേളനം കഴിഞ്ഞു മടങ്ങിയ തൊടുപുഴ കുമ്മംകല്ല് സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, പോതുപ്രവര്‍ത്തകന്റെ സ്രവ പരിശോധനാ ഫലം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ലഭിച്ചിട്ടില്ല. ഇതു ലഭിക്കാതെ വീട്ടിലേക്കു മടങ്ങാന്‍ കഴിയില്ലെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു
ഇടുക്കി ജില്ലയിൽ 5 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരാളൊഴികെ മറ്റുള്ളവർ എല്ലാം തദ്ദേശീയരാണ്. മുന്‍പ് രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ സുഹൃത്തായ തയ്യൽക്കടക്കാരന്റെ 70 വയസ്സുള്ള അമ്മ, 35–കാരിയായ ഭാര്യ, 10 വയസ്സുള്ള മകൻ എന്നിവർക്കും ബൈസൻവാലിയിലെ അദ്ധ്യാപികയുടെ ഏഴ് വയസുള്ള മകൻ എന്നിവർക്കാണ് രോഗം കണ്ടെത്തിയത്. ചെറുതോണിയിലെ കൊവിഡ് ബാധിതനായ പൊതുപ്രവർത്തകന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് ഇവർ. എന്നാൽ ബൈസൺവാലിയിലെ അധ്യാപികയുടെ ഭർത്താവിന്റെയും രണ്ടാമത്തെ കുട്ടിയുടെയും ഫലം നെഗറ്റീവ് ആണ്. ചെറുതോണിയിലെ തയ്യൽക്കടക്കാരന്റെ മറ്റൊരു മകന്റെയും ഫലം നെഗറ്റീവ് ആണ്. തയ്യൽക്കടക്കാരനും അധ്യാപികയ്ക്കും രോഗം സ്ഥിരീകരിച്ച ഉടൻതന്നെ കുടുംബാംഗങ്ങളെ ക്വറന്റീനിൽ പ്രവേശിപ്പിക്കുകയും സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.