be

മനാമ: ബഹ്‌റൈനിൽ 66 വിദേശ തൊഴിലാളികൾക്കുകൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. സൽമാബാദിലെ താമസ സ്ഥലത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരെ പ്രത്യേക ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ലബോറട്ടറി പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരെ വിദേശ തൊഴിലാളികൾക്കായുള്ള ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി.

ഇവർ ഉൾപ്പെടെ 74 പേർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 47 വിദേശ തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് എല്ലാ തൊഴിലാളികളെയും താമസ സ്ഥാലത്തുതന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

ക്വാറന്റൈനിൽ കഴിഞ്ഞവർ പുറത്ത് പോയിട്ടില്ലെന്നും പ്രവാസികൾക്കിടയിൽ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച 44 പേർ സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 381 ആയി ഉയർന്നു. നിലവിൽ 258 പേരാണ് ചികിത്സയിൽ കഴിയുന്നത്.