gulf-

റിയാദ്: ഗൾഫ് മേഖലയിൽ കൊവിഡ്19 വൈറസ് വ്യാപനം കുറച്ചത് ചൂടുള്ള കാലാവസ്ഥയെന്ന് പഠനം. മേരിലാന്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയിക്കുന്നത്. മറ്റ് വൈറസ് ബാധിത രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയവർക്കൊഴികെ ജി.സി.സി രാജ്യങ്ങളിൽ വൈറസിന്റെ സമൂഹവ്യാപനം കൂടുതൽ ഉണ്ടായിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു.

കാലാവസ്ഥയും ഭൂമദ്ധ്യരേഖയിൽ നിന്നുള്ള അക്ഷാംശവും വൈറസ് വ്യാപനത്തെ ചെറുക്കുന്നതിൽ പ്രധാനഘടകങ്ങളാണ്. അക്ഷാംശ രേഖയിൽ തെക്ക്,വടക്ക് ഭാഗങ്ങളേക്കാൾ കിഴക്കും പടിഞ്ഞാറുമാണ് വൈറസ് വ്യാപനം എളുപ്പത്തിൽ നടന്നത്. ചൂടുള്ള കാലാവസ്ഥയിൽ കമ്മ്യൂണിറ്റി അണുബാധ കുറയുമെന്ന് പഠനസംഘത്തിലെ പ്രമുഖനും മേരിലാന്റ് സ്‌കൂൾ ഓഫ് മെഡിസിൻ യൂനിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി അസോസിയേറ്റ് പ്രൊഫസറുമായ ഡോ.മുഹമ്മദ് സജാദി പറഞ്ഞു.

വൈറസിന്റെ സമൂഹവ്യാപനം എളുപ്പം നടന്ന ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, വടക്കൻ ഇറ്റലി എന്നിവയെല്ലാം ഏകദേശം 3050 ഡിഗ്രി വടക്കൻ അക്ഷാംശത്തിലാണ് സ്ഥിതിചെയ്യുന്നത്. വടക്കൻ ഇറ്റലിയിലെ ഉദ്യോഗസ്ഥർ വൈറസ് വ്യാപനം കുറക്കാനുള്ള ശ്രമത്തിലാണെന്നും പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു.


ജിസിസി രാജ്യങ്ങളിലെ മികച്ച അടിസ്ഥാന സൗകര്യവും, സ്‌ക്രീനിങ് സംവിധാനങ്ങളും യാത്രാ നിരോധനവുമൊക്കെ വൈറസ് വ്യാപനനിരക്ക് കുറയ്ക്കാൻ സഹായിച്ചതായും വ്യക്തമാക്കുന്നുണ്ട്. വിവിധ ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജി.സി.സി രാജ്യങ്ങളിൽ പൊതുവേ വൈറസ് ബാധ കുറവാണ്. വൈറസ് വ്യാപനം തടയാൻ രാജ്യങ്ങൾ കർശന നിയമന്ത്രണങ്ങളും നടപടികളുമാണ് ഏർപ്പെടുത്തിയിരുന്നത്.