ലോകം മുഴുവൻ ഇന്ന് ഒരുമാതിരി വീട്ടു തടങ്കലിലാണല്ലോ. രാജ്യങ്ങളിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും മുതൽസാധാരണക്കാർ വരെയുള്ളവരെല്ലാം അങ്ങനെ തന്നെ. ഇവിടെയിതാ എല്ലാ മതക്കാരും എല്ലാ ജാതിക്കാരും മനുഷ്യരായി മാറിയിരിക്കുന്നു! ഈ വീട്ടുതടങ്കലിനെ, നമ്മൾ ഭയക്കുന്ന കൊറോണ രാക്ഷസനെ നേരിടാനുള്ള ഒരു വഴിയാക്കിയാലോ?
കഴിഞ്ഞ നാലു വർഷമായി വർഷം തോറും ഓരോ മാസം ഞാൻ ഒരു പ്രകൃതി ചികിത്സാലയത്തിൽ പോയി ചികിൽസയെടുക്കാറുണ്ടു്. ഡോക്ടറും ഞാനും തമ്മിൽ ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം മാത്രമല്ല.
ഗുരുശിഷ്യ ബന്ധം കൂടിയുണ്ട് .ഞാനിപ്പോൾ തടങ്കലിൽ കിടക്കുന്നത് ഊട്ടി ഗുരുകുലത്തിയാണ്. എങ്കിലും ഈ തടങ്കൽ എനിക്ക് തടങ്കലല്ല. എന്റെ സാധാരണ ജീവിതചര്യയാണിവിടെ നടക്കുന്നത് . വെളിയിൽ പോകുന്നില്ലെന്നു മാത്രം .
ഈ പ്രതിസന്ധി വന്നപ്പോൾ ഞാനെന്റെ പ്രകൃതി ചികിത്സാഡോക്ടറെ വിളിച്ചു. ഡോക്ടർ ഉടനെ പറഞ്ഞു, ' ഒരു ദിവസം പഴവർഗങ്ങൾ മാത്രം കഴിച്ചു വിശ്രമിക്കുക, വയറു നിറയെ കഴിക്കരുത്. ഏതു പഴവുമാകാം. ഇതൊരു തരം ഉപവാസമാണ്. ഇതിനേക്കാളും നല്ലത് പഴ ചാറുകൾ മാത്രം കഴിക്കുന്നതാണ്. കഴിയുമെങ്കിൽ വെള്ളം മാത്രം കൂടിച്ച് ഉപവസിക്കാം. ഇത് നല്ല രോഗപ്രതിരോധശക്തി തരും. പക്ഷെ ഈ ദിവസം കഠിനമായ അദ്ധ്വാനങ്ങളൊന്നും പാടില്ല. സംസാരിക്കുന്നതുപോലും കുറയ്ക്കുക. "
ഇത്രയും നിർദ്ദേശങ്ങൾ തന്നിട്ടു ഡോക്ടർ പറഞ്ഞു. 'ഗുരുകുലത്തിലുള്ള എല്ലാവരും നാളെ പഴവർഗങ്ങൾ മാത്രം കഴിക്കുക:" ഊട്ടി ഗുരുകുലത്തിലുളള എല്ലാവരും ഒരു ദിവസം അങ്ങനെ കഴിഞ്ഞു. അതുപോലെ വർക്കല ഗുരുകുലത്തിലുള്ളവരും. അടുത്ത ദിവസം കാലത്ത് എഴുന്നേറ്റപ്പോൾ പുതിയൊരു ഉൻമേഷമാണ് തോന്നിയത് .
ഉടനെ ഡോക്ടറെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹം പറഞ്ഞു, 'കഴിയുമെങ്കിൽ ഈ പ്രതിസന്ധി തീരുന്നതു വരെ ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുക.'
കൊറോണെയെ പ്രതിരോധിക്കാനായി ഒരു ഹോമിയോ മരുന്ന് കഴിച്ച കാര്യം നേരത്തെ പറഞ്ഞിരുന്നു. അതു പോരേ എന്നു സംശയം തോന്നിയേക്കാം. ഈ രോഗം വൈറസ് മുഖാന്തിരമുള്ളതായതുകൊണ്ട് ഹോമിയോ മരുന്നിനുള്ള പ്രതിരോധ ശക്തി അമ്പതു ശതമാനം മുതൽ എൺപതു ശതമാനം വരെ മാത്രമാണെന്ന് ഡോക്ടർ തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടു അതിന്റെ കുറവ് പരിഹരിക്കാൻ ഇതു നല്ലതാണ് , ഹോമിയോയും പ്രകൃതി ചികിത്സയും അന്യോന്യം പൂരകവുമാണ്.
എന്താ ഈ വീട്ടുതടങ്കൽ കാലത്ത് ഇതൊന്നു പരീക്ഷിച്ചു കൂടെ ? വീട്ടുതടങ്കലിനെ പ്രയോജനപ്രദമാക്കാം; രോഗത്തേയും തടയാം .
പ്രകൃതിയെ മനുഷ്യൻ ദുരുപയോഗപ്പെടുത്തിയതിന്റെ ഭാഗമായിട്ടു കൂടി സംഭവിച്ച ഈ ലോക ദുരന്തത്തെ ചെറുത്തു നിറുത്താൻ പ്രകൃതി തന്നെ വഴിയൊരുക്കിത്തരുന്നു. സ്വന്തം കഴിവിൽ അഹങ്കരിക്കുന്ന മനുഷ്യൻ പ്രകൃതിയുടെ കഴിവിനെ കാണാറില്ല.