ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്‌ലിയെ താടിയില്ലാതെ കണ്ടിട്ട് കുറച്ചുനാളായി. എന്താ കാരണം?. വേറൊന്നുമല്ല. സൗന്ദര്യ പ്രശ്നം തന്നെ. താടിയില്ലാത്ത തന്നെ കാണാൻ തീരെ ഭംഗിയില്ലെന്നാണ് കോഹ്‌ലിയുടെ അഭിപ്രായം. അതിനാൽ ഇനിമേലിൽ താടിവടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലെ മുൻ താരം കെവിൻ പീറ്റേഴ്‌സണുമായുള്ള അഭിമുഖത്തിലാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരുടേയും സംസാരം.
ക്രിക്കറ്റ് കരിയറിൽ കോഹ്‌ലിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ബാറ്റിംഗ് പാട്‌ണർ ആരാണെന്ന് ചോദിച്ചപ്പോൾ മുൻ നായകൻ എം.എസ്.ധോണിയാണെന്നായിരുന്നു താരത്തിന്റെ ഉത്തരം.ഇതിനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട് “രണ്ട് പേർക്കൊപ്പം ബാറ്റ് ചെയ്യുന്നതാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചിരിക്കുന്നത്. വിക്കറ്റിനിടയിൽ നന്നായി ഓടാനും ഞാൻ പറയുന്നത് പെട്ടന്ന് മനസിലാക്കാനും സാധിക്കുന്നവരുമായി ബാറ്റ് ചെയ്യാനാണ് എനിക്ക് കൂടുതൽ ഇഷ്‌ടം. ഇന്ത്യയിൽ നിന്ന് ഒരാളെ അങ്ങനെ തിരഞ്ഞെടുക്കാനാണെങ്കിൽ അത് തീർച്ചയായും ധോണിയായിരിക്കും. ഇന്ത്യയ്‌ക്കു പുറത്തു നിന്നാണെങ്കിൽ അത് എ.ബി.ഡിവില്ലിയേഴ്‌സ് ആണ്. ഡിവില്ലിയേഴ്‌സുമായുള്ള കൂട്ടുകെട്ട് വല്ലാത്തൊരു അനുഭവമാണ്,” കോഹ്‌ലി പറഞ്ഞു.
തന്റെ കരിയറിലെ ഏറ്റവും നല്ല നിമിഷം 2011 ലോകകപ്പ് നേട്ടമാണെന്നും ഏറ്റവും മോശം നിമിഷം 2014 ലെ ഇംഗ്ലണ്ട് പര്യടനമാണെന്നും കോഹ്ലി പറയുന്നു.ഫുട്‌ബാളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് കോഹ്ലിക്ക് ഇഷ്ടം. കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയാണ് കോഹ്‌ലി ഇപ്പോൾ. അതിന്റെ ചിത്രങ്ങളും വീഡിയോയും നേരത്തേ പുറത്തുവന്നിരുന്നു.