തിരുവനന്തപുരം: കൊവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ റെയിൽവേയുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന ഐസൊലേഷൻ വാർഡുകൾ സജ്ജമാകുന്നു. സതേൺ റെയിൽവേ ഡിവിഷനിൽ നാഗർകോവിൽ, തിരുവനന്തപുരം, കൊച്ചുവേളി, എറണാകുളം എന്നിവിടങ്ങളിലെ മെക്കാനിക്കൽ കോച്ചിംഗ് മെയിന്റനൻസ് ഡിപ്പോകളിലാണ് ആശുപത്രികളിലെ ഐ.സി യൂണിറ്റുകളുടെ സംവിധാനങ്ങളോടെ മൊബൈൽ ഐസൊലേഷൻ യൂണിറ്റുകൾ സജ്ജമാക്കുന്നത്. വിവിധ ട്രെയിനുകളിൽ നിന്നായി വേർപ്പെടുത്തിയ 45 സ്ളീപ്പർ കോച്ചുകളിലായി 360 വാർഡുകളാണ് തിരുവനന്തപുരം ഡിവിഷന് കീഴിൽ മാത്രം ആദ്യ ഘട്ടത്തിൽ ഐസൊലേഷൻ വാർഡുകളാക്കുക.
കോച്ചുകൾ മാറുന്നത് ഇങ്ങനെ
കോച്ചിൽ അരഡസൻപേർക്ക് വീതം ഇരിക്കാവുന്ന ഓരോക്യാബിനിലേയും മദ്ധ്യത്തിലുളള രണ്ട് ബർത്തുകൾ നീക്കം ചെയ്താണ് ഒരു വാർഡ് ക്രമീകരിക്കുന്നത്. ഓരോ വാർഡും സർജിക്കൽ കർട്ടനിട്ട് മറയ്ക്കും. കൂടാതെ നഴ്‌സിംഗ് റൂമും മെഡിക്കൽ സ്റ്റോറും രണ്ട് ഓക്‌സിജൻ സിലിണ്ടറുകളുമുണ്ടാകും. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ ഹൈ വോൾട്ടേജ് പ്ളഗ്ഗും ലൈഫ് സപ്പോർട്ട് സംവിധാനവും സജ്ജമാക്കും..എല്ലാ വാർഡുകളിലും മൊബൈലും ലാപ്ടോപ്പും ചാർജ് ചെയ്യാൻ ആവശ്യത്തിന് പ്ലഗ്ഗ് പോയിന്റുകളും ഉണ്ടാകും. കൊതുകിനെ തടയാനും വായു സഞ്ചാരമുണ്ടാകാനും ജനലുകളിൽ കൊതുക് വല ഘടിപ്പിക്കും. ഓരോ കോച്ചിലും നിലവിലുണ്ടായിരുന്ന നാല് കക്കൂസുകളിലൊന്ന് കുളിമുറിയാക്കി മാറ്റും.
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് വാർഡുകൾ ക്രമീകരിക്കുന്നത്. ഒരു കോച്ചിൽ എട്ട് വാർഡുകൾ വീതമാണ് സജ്ജീകരിക്കുക. ആവശ്യമെങ്കിൽ സ്‌റ്റേഷനുകളിലെത്തി അതാത് പ്രദേശത്തെ രോഗികളെ നേരിട്ട് ഐസൊലേഷൻ വാർഡിലാക്കാൻ കഴിയുമെന്നതാണ് റെയിൽവേ ഐസൊലേഷൻ വാർഡിന്റെ പ്രത്യേകത. എറണാകുളത്ത് കഴിഞ്ഞ നാല് ദിവസത്തിനകം ആറുകോച്ചുകൾ വാർഡുകളാക്കി മാറ്റി. കൊച്ചുവേളി, തിരുവനന്തപുരം എന്നിവിടങ്ങളിലും വേഗത്തിൽ ജോലികൾ പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയായാൽ ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധിച്ച് അണുവിമുക്തമാക്കിയശേഷം ഇവ എൻജിൻ ഘടിപ്പിച്ച് സമൂഹവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലെത്തിച്ച് സേവനത്തിനായി വിട്ടുനൽകും.