ka

ദോഹ: ഖത്തറിൽ 58 കാരനായ പ്രവാസി കൂടി മരണപ്പെട്ടതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഇദ്ദേഹത്തിന് ന്യൂമോണിയ ഗുരുതരമായി ബാധിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ 114പേരിൽരോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ 949 ആയി. വിദേശയാത്ര കഴിഞ്ഞ് ഖത്തറിൽ തിരികെ എത്തിയവരിലും,രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരിലുമാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്.

877പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഒരാൾക്ക് കൂടിരോഗംഭേദമായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 72 ആയി. നിലവിൽ 26,260പേരിൽ കൊവിഡ്19 പരിശോധന നടത്തി. ഇന്നലെ മാത്രം 1,435പേരിലാണ് പരിശോധന നടത്തിയത്. പുതിയ സാങ്കേതിക വിദ്യയുള്ള മെഷീൻ ഉപയോഗിച്ചുള്ളരോഗനിർണയത്തിലൂടെ കൂടുതൽപേരുടെ പരിശോധനാഫലംവേഗത്തിൽ അറിയാൻ സാധിക്കുന്നതിനാലാണ്‌ രോഗസംഖ്യ ദിനംപ്രതി ഉയരാൻ കാരണം. രാജ്യത്തെ ജനങ്ങൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

യു.എ.ഇയിൽ 1000പേർക്ക് കൊവിഡ്

യു.എ.ഇയിൽ കൊവിഡ് 19രോഗ ബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച 210പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തംരോഗബാധിതരുടെ എണ്ണം ആയിരം കടന്നു. 1024പേർക്കാണ് യു.എ.ഇയിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്. അസുഖംഭേദമായവരുടെ എണ്ണം 96 ആയെന്നും യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ യു.എ.ഇയിൽ കൊവിഡ് 19 ബാധിച്ച് രണ്ട്‌പേർ കൂടി മരണപ്പെട്ടു. ഏഷ്യക്കാരനായ 62 വയസുകാരനും ജി.സി.സി പൗനായ 78കാരനുമാണ് ഇന്നലെ മരിച്ചതെന്നും, ഇരുവർക്കും ഹൃദ്രോഗം ഉൾപ്പെടെയുള്ള മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

കുവൈറ്റിൽ കൊവിഡ് ബാധിതർ 342

കുവൈറ്റിൽ കൊവിഡ് 19 വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, 14 ഇന്ത്യക്കാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 74ആയി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 342 ആയി. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാർക്കു പുറമെ അഞ്ചു സ്വദേശികൾക്കും ഒരു ഫിലിപ്പൈൻ പൗരൻ, നാല് ബംഗ്ലാദേശ് പൗരന്മാർ, ഒരു ഈജിപ്ത് പൗരൻ എന്നിവരിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

രോഗമുക്തരായവരുടെ എണ്ണം 81 ആയി. നിലവിൽ 261പേരാണ് ചികിത്സയിലുള്ളത്. പതിനഞ്ചുപേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. വൈറസ് വ്യാപനം തടയുവാനായി ശക്തമായ പ്രതിരോധ നടപടികളാണ് കുവൈറ്റ് ഭരണകൂടം നടപ്പാക്കുന്നത്. ജലീബ്, മഹബൂല പ്രദേശങ്ങളുടെ നിയന്ത്രണം പ്രത്യേകസേന ഏറ്റെടുത്തു. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിരവധിപേർക്ക് കൊവിഡ് ബാധ സംശയിക്കപ്പെട്ടതിനെതുടർന്ന് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.