sc

ന്യൂഡൽഹി: കർണാടക - കേരള അതിർത്തി തർക്കത്തിൽ കർണാടകത്തിന് തിരിച്ചടി. കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.രോഗികളെ കർണാടകത്തിലേക്ക് കടത്തിവിടണമെന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി.വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

അതിര്‍ത്തി തുറന്നുനല്‍കാനുളള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കുകയായിരുന്നു. ഗതാഗതം അനുവദിച്ചാല്‍ കൊവിഡ് പടരുമെന്ന് കര്‍ണാടക കോടതിയെ ബോദ്ധ്യപ്പെടുത്തി. കേരളം ഇതിന് തടസ ഹർജിയും ഫയൽ ചെയ്തു.

കാസർകോട് നിന്നുള്ള ആംബുലൻസുകൾ മംഗളൂരുവിലേയ്ക്ക് കടത്തിവിടേണ്ടെന്ന നിലപാടിലായിരുന്നു ദക്ഷിണ കന്നഡ ജില്ല ഭരണകൂടം. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിച്ച ശേഷം അതിർത്തി കടത്താൻ ചെക്ക്പോസ്റ്റിൽ ഡോക്ടറെ വരെ നിയോഗിച്ച ശേഷമാണ്കർണാടകയുടെ നിലപാട് മാറ്റം ഉണ്ടായത്.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് മാത്രം അതിർത്തി തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്താൽ മതിയെന്നായിരുന്നു കർണാടക സർക്കാരിന്റെ നിലപാട്. കാസർകോട് ജില്ലയിൽ കൊവിഡ് - 19 രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് രോഗികൾക്ക് മംഗളൂരുവിലേയ്ക്ക് പ്രവേശനം നിഷേധിച്ചതെന്ന നിലപാടിൽ തന്നെ കർണാടക ഉറച്ച് നിന്നു. മംഗളൂരു കൊവിഡ് പടർന്നു പിടിക്കാൻ സാധ്യതയുള്ള നഗരമാണെന്നും കർണാടക വാദിച്ചു.