tw

റായ്പൂർ: കൊവിഡ് കാലത്ത് ജനിച്ച ഇരട്ടക്കുട്ടികൾക്ക് 'കൊറോണ' എന്നും 'കൊവിഡ്' എന്നും പേരുകളിട്ടു. ലോക്ക്ഡൗണിനിടെ നേരിട്ട ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറികടന്ന് സുഖപ്രസവം നടന്നതിന്റെ ഓർമ്മയ്ക്കായാണ് ജനിച്ച പെൺകുഞ്ഞിനും ആൺകുഞ്ഞിനും കൊറോണ, കൊവിഡ് പേരുകൾ നൽകിയതെന്ന് മാതാപിതാക്കൾ പറയുന്നു.

ഛത്തീസ്ഗഡിൻെറ തലസ്ഥാനമായ റായ്പൂരിലാണ് കൗതുകകരമായ ഈ പേരിടൽ.

26നാണ് പ്രീതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെ, നിരവധിയിടങ്ങളിൽ പൊലീസ് വാഹനം തടഞ്ഞു.പിന്നെ വാഹനം പോകാൻ അനുവദിച്ചു. ഡോ.ബി.ആർ.അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിലാണ് കുട്ടികൾ ജനിച്ചത്.ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരും സഹകരിച്ചതായും പ്രീതി വർമ്മ പറയുന്നു. നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും എല്ലാം നല്ലനിലയിൽ കലാശിച്ചെന്ന് ഇരട്ടക്കുട്ടികളുടെ അമ്മയായ പ്രീതി വർമ്മ പറയുന്നു. കൊറോണ വൈറസ് അപകടകാരിയാണ്. ജീവന് തന്നെ ഭീഷണിയാണ്. എങ്കിലും വ്യക്തിശുചിത്വം ഉൾപ്പെടെ നല്ല ശീലങ്ങൾ ജനങ്ങളുടെ മനസിൽ പതിയാൻ കൊവിഡ് ഇടയാക്കിയതായി പ്രീതി പറയുന്നു. അതുകൊണ്ട് കൂടിയാണ് ഇരട്ടക്കുട്ടികൾക്ക് കൊറോണയെന്നും കൊവിഡെന്നും പേരുകൾ നൽകിയതെന്നും പ്രീതി വർമ്മ പറയുന്നു.