naples

റോം : കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. രാജ്യം ലോക്ക്ഡൗണിൽ തുടരുമ്പോഴും ദിവസവും നിരവധിപേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളിൽ വീടിനുള്ളിൽ കഴിയുകയാണ് ഇറ്റാലിയൻ ജനത. എന്നാൽ ആളൊഴി‌ഞ്ഞ തെരുവോരങ്ങളിൽ എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിൽ കഴിയുന്ന കുറേയേറെ മനുഷ്യരുണ്ട് ഇറ്റലിയിൽ. തലചായ്ക്കാനിടമോ ഒരു നേരത്തെ ഭക്ഷണത്തിന് മാർഗമോ ഇല്ലാത്തവർ. ആളുകൾ ഭക്ഷ്യവസ്തുക്കൾ വീടിനുള്ളിൽ ശേഖരിച്ചു വയ്ക്കുമ്പോൾ ഇതിന് സാധിക്കാതെ പകച്ചു നില്ക്കുന്ന ഒരു വിഭാഗം മനുഷ്യർ ലോക്ക്ഡൗണിലെ നൊമ്പരക്കാഴ്ചയാണ്.

അതേസമയം, അന്തരങ്ങളില്ലാതെ എല്ലാ മനുഷ്യരെയും ഒന്നിച്ചു ചേർത്തു നിറുത്തണമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ഇറ്റലിയിലെ നേപ്പിൾസിലെ ജനങ്ങൾ. ദക്ഷിണ ഇറ്റാലിയൻ നഗരമായ നേപ്പിൾസിലെ തെരുവോരങ്ങളിൽ ഓരോ വീടിന്റെ ബാൽക്കണിയിൽ നിന്നും താഴേക്ക് ഒരു ബാസ്കറ്റ് തൂക്കിയിട്ടിരിക്കുന്നത് കാണാം. അതിൽ ഒരു ബാസ്കറ്റിൽ ഒരു ചെറിയ കുറിപ്പ് കണ്ടു...' ഒരേ വഞ്ചിയിലെ യാത്രക്കാരാണ് നമ്മൾ, നമുക്ക് പോകേണ്ടത് ഒരേ ദിശയിലേക്കും..'!

തങ്ങളുടെ പക്കലുള്ള ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും അതില്ലാത്തവർക്കു കൂടി പങ്കുവയ്ക്കുകയാണ് ഇവർ. ലോക്ക്ഡൗണിലെ പ്രധാന നിയന്ത്രണങ്ങളിലൊന്നാണല്ലോ സാമൂഹിക അകലം പാലിക്കുക എന്നത്. അത് കർശനമായി തന്നെ പാലിച്ചു കൊണ്ടാണ് നേപ്പിൾ സ്വദേശികൾ തങ്ങളുടെ ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നത്. വീടിന്റെ ബാൽക്കണിയിൽ നിന്നും ഭക്ഷ്യ വസ്തുക്കളോട് കൂടിയ ബാസ്കറ്റുകൾ താഴേക്ക് തൂക്കിയിട്ടാണ് ഇവർ പാവപ്പെട്ടവർക്കുള്ള ഭക്ഷണം വിതരണം ചെയ്യുന്നത്. നേപ്പിളിലെ ഒരു തെരുവിൽ ആരംഭിച്ച ഈ മുൻകരുതൽ ഇപ്പോൾ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ' സപ്പോർട്ട് ബാ‌സ്‌കറ്റ്സ് ' എന്ന പേരിൽ ബാൽക്കണികളിൽ തൂക്കിയിട്ടിരിക്കുന്ന ബാസ്കറ്റുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതുകണ്ട് കൂടുതൽ പേർ ഇതിനായി മുന്നോട്ട് വരുന്നുണ്ട്. പാവപ്പെട്ടവർക്കായി ആഹാരം ബാൽക്കണിയിലൂടെ താഴേക്ക് തൂക്കിയിടുന്നത് തങ്ങളുടെ തങ്ങളുടെ പ്രാചീന സംസ്കാരമാണെന്ന് ഇറ്റാലിയൻ ജനത പറയുന്നു.

സമാന രീതിയിൽ ' സസ്പെൻഡഡ് കോഫി ' എന്നൊരു പതിവ് ഇറ്റലിയിൽ പണ്ടു മുതൽ തന്നെയുണ്ട്. ഇതനുസരിച്ച് കോഫി ഷോപ്പുകളിലും മറ്റുമെത്തുന്നവർ ഒരു കാപ്പി കുടിച്ച ശേഷം രണ്ട് കാപ്പിയുടെ പണം നൽകുന്നു. അധികം നൽകിയ ഈ തുകയ്ക്ക് കൈയ്യിൽ പണമില്ലാത്തവർക്ക് കടയുടമകൾ കുടിക്കാൻ കാപ്പി നൽകും. നേപ്പിൾസിലെ തൊഴിലാളി വർഗമാണ് ഇങ്ങനെയൊരു സേവനം തുടങ്ങിയത്.