rahim

;തിരുവനന്തപുരം:1978ലെ തണുത്ത ഡിസംബർ.അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾ പിന്നിട്ട് മൊറാർജി ദേശായിയുടെ ജനതാസർക്കാർ രാജ്യം ഭരിക്കുന്ന കാലം. ഇന്ത്യ അടക്കിവാണിരുന്ന ഇന്ദിരാഗാന്ധി തിഹാർ ജയിലിൽ. മാരുതി കമ്പനി ഇടപാട്പാർലമെന്റിൽ നിന്ന് മറച്ചുവച്ച് അവകാശലംഘനം നടത്തിയെന്ന് കുറ്റം.അതോടെ,എം.പി സ്ഥാനവും പോയി. കോൺഗ്രസ് രണ്ടായി പിളർന്നു...

ഇങ്ങ് കേരളത്തിലുമുണ്ടായി ഈ രാഷ്ട്രീയത്തിരയിളക്കത്തിന്റെ ശക്തമായ അനുരണനങ്ങൾ. പിളർന്ന കോൺഗ്രസിലെ ഇന്ദിരാ കോൺഗ്രസുകാർ, ഇന്ദിരയുടെ അറസ്റ്റിനെതിരെ തെരുവിലിറങ്ങി. കേരളം ഭരിക്കുന്നത് എ.കെ. ആന്റണിയടക്കമുള്ള റെഡ്ഢി കോൺഗ്രസുകാരുടെ പിന്തുണയോടെ, പി.കെ.വാസുദേവൻ നായരുടെ നേതൃത്വത്തലുള്ള സർക്കാർ

തിരുവനന്തപുരത്ത് സ്റ്റാച്യുവിലെ ടെലഗ്രാം ഓഫീസ് പിക്കറ്റ് ചെയ്ത ഇന്ദിരാ കോൺഗ്രസുകാരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. അക്കൂട്ടത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ. മോഹൻകുമാറും വൈസ് പ്രസിഡന്റുമാരായ ടി. ശരത്ചന്ദ്രപ്രസാദും .പി. റഹിമും മറ്റും. വേറെയും പ്രതിഷേധങ്ങൾ അരങ്ങേറി. അടിയന്തരാവസ്ഥയുടെ ദുഷിച്ച അനുഭവങ്ങളാൽ അയിത്തം കല്പിക്കപ്പെട്ടിരുന്നന്നവർക്ക് ഈ സമരങ്ങൾ പിടിവള്ളിയായി. പൂജപ്പുര സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടവരിൽ .വക്കം പുരുഷോത്തമനും പ്രൊഫ. നബീസ ഉമ്മാളും ഉൾപ്പെടെ പ്രമുഖരും.,നേതാക്കൾക്കൊപ്പം ജയിലിലെ ഇ ബ്ലോക്കിൽ കഴിഞ്ഞ. അന്നത്തെ 19 കാരനായ ഇന്നത്തെ അഡ്വ.റഹിം നാല്പത്തിയൊന്ന് വർഷത്തിന് ശേഷം ആ ഓർമ്മകൾ പുസ്തകമാക്കുന്നു. 21 ദിവസം അടച്ചുപൂട്ടി വീട്ടിലിരിക്കാൻ കൊറോണക്കാലത്ത് പ്രധാനമന്ത്രി കല്പിച്ചതോടെ , റഹിം തുടങ്ങി വച്ച പുസ്തക രചന പൂർത്തീകരണത്തോടടുക്കുന്നു. ലോക്ക് ഡൗൺ തീരുന്നതിന്റെ തലേന്ന്,ഏ പ്രിൽ 14ന് പൂർത്തിയാവും.

'അന്നൊന്നും സമരചിത്രത്തിലേ ഇല്ലായിരുന്ന പലരും പലവിധ സ്വാധീനങ്ങളാൽ പാർട്ടിയുടെ ഉന്നതശ്രേണികളിലേക്ക് നടന്നുകയറി..തടവറയിൽ കിടന്ന് നെഞ്ച് വേദനയാൽ നിലവിളിച്ചവരടക്കം പലരും വിസ്മൃതിയിലേക്ക് പോയി.കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഏതെങ്കിലുമൊരു താളിൽ അവരുമുണ്ടാവട്ടെയെന്ന സദുദ്ദേശമാണ് ഇതിന് എന്നെ പ്രേരിപ്പിച്ചത്'- റഹിം പറയുന്നു.

ഒരു വൈകുന്നേരം ജയിലിലെത്തിയ 25 പേർ. മുതിർന്നനേതാക്കളടക്കം മറ്റ് 91 പേരും.ജയിലിൽ ആദ്യമായി ഉണ്ട രുചിച്ചത്, ഉദയഭാനുവിന്റെ പാട്ട് പാടി രസിച്ചത്, മുണ്ട് മടക്കിക്കുത്തിയതിന് വാർഡന്റെ ചീത്ത കേട്ടത് - അങ്ങനെ,ജീവിതത്തിൽ മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങൾ ഇട കലർന്നതാണ് റഹിമിന്റെ പുസ്തകം.. .