gayatri-

തിരുവനന്തപുരം: വലിയൊരു ബിസിനസ് അപ്പാടെ അങ്ങ് ലോക്കായി. ഏതു ബിസിനസുകാരനും ഒന്നു പകച്ചു പോകും. പക്ഷേ, തിരുവനന്തപുരത്ത്, പി.ടി.പി നഗറിലെ 'ഖുശി'യിൽ അത്തരം അങ്കലാപ്പൊന്നുമില്ല. ലോക്ക് ഡൗൺ കാരണം വീണുകിട്ടിയ അവധിക്കാലം സൗഭാഗ്യം പോലെ ആസ്വദിക്കുന്നു, ഭീമ ജൂവലേഴ്സിന്റെ സാരഥികളായ എം.എസ്. സുഹാസും ഭാര്യ ഗായത്രി സുഹാസും. ബംഗളൂരുവിൽ പഠിക്കുന്ന മക്കൾ നവ്യയും മാന്യയും ഇപ്പോൾ ഒപ്പമുണ്ട്. ഇത് തിരക്കുള്ള ജീവിതത്തിന്റെ മറുവശം- അങ്ങനെ കാണാനാണ് സുഹാസിനും ഗായത്രിക്കും ഇഷ്‌ടം.

ലോക്ക് ഡൗൺ കാരണം,ഒരു കുറ്റബോധം മാറിക്കിട്ടിയതിന്റെ ആശ്വാസമുണ്ട്, ഗായത്രി സുഹാസിന്! ''മുമ്പ് പിള്ളേരുമായി സമയം ചെലവഴിക്കാൻ പറ്റാത്തതുകൊണ്ട് ഒരു നല്ല അമ്മയാകാൻ പറ്റുന്നില്ലല്ലോ എന്നായിരുന്നു കുറ്റബോധം. ഇപ്പോൾ അതില്ല. കുട്ടികളുടെ എല്ലാ പരാതിയും തീർന്നു. പരമാവധി സമയം അവർക്കൊപ്പം ചെലവഴിക്കുന്നു. മുമ്പ് അവധിക്ക് അവർ വരുമ്പോൾപ്പോലും ഞങ്ങൾ രണ്ടും നല്ല തിരക്കിലായിരിക്കും. അങ്ങനെ നോക്കുമ്പോൾ കുട്ടികളെ സംബന്ധിച്ച് ഇതൊരു ലക്ഷ്വറിയാണ്!

പാചകം, പൂന്തോട്ടം,

പാട്ട്, പ്രാർത്ഥന

പാചകം തീരെ വശമില്ല എനിക്ക്. കുട്ടികൾ കൂടെയുള്ളതുകൊണ്ട് അതിനും നിർബന്ധിക്കപ്പെടുന്നുണ്ട്. വേറെ ആളില്ലല്ലോ,​ ചെയ്തല്ലേ പറ്റൂ. അത് എല്ലാവരും ചേർന്ന് ചെയ്യും. വൈകിട്ട് പൂന്തോട്ടത്തിലെ ജോലികൾ.​ പിന്നെ എല്ലാവരും കൂടി നടക്കും. സന്ധ്യയ്ക്ക് വിളക്കു കത്തിച്ച് പ്രാർത്ഥിക്കും. ഇഷ്ടംപോലെ പാട്ടു കേൾക്കും. എനിക്ക് ഇതൊക്കെ അധികം കിട്ടിയ സൗഭാഗ്യങ്ങളാണ്. ഇപ്പോഴാണ് ശരിക്കും വീട്ടമ്മയായത്!''- ഗായത്രി സുഹാസ് പറയുന്നു. എല്ലവരും വെജിറ്റേറിയൻ. മലയാളി സ്റ്റൈൽ കുക്കിംഗ് ഒരുപാട് ഇഷ്ടമാണ്

നെയ്യാറ്റിൻകര,​ കാര്യവട്ടം,​ ബാലരാമപുരം എന്നിവിടങ്ങിൽ ഓർഗാനിക് ഫാം ഉള്ളതുകൊണ്ട് പച്ചക്കറിക്ക് ബുദ്ധിമുട്ടില്ല.

കുട്ടികളുമൊത്ത് ലൂഡോ കളിക്കലാണ് സുഹാസിന്റെ ഇപ്പോഴത്തെ വിനോദം. ഉച്ചയ്ക്കു ശേഷം ഉറങ്ങുന്നതു വരെയുള്ള സമയം 'ഫാമിലി ടൈം' എന്നാണ് സുഹാസ് വിശേഷിപ്പിക്കുന്നത്. നടക്കുമ്പോൾ നായ്ക്കളെയും കൂട്ടും. അടുത്തൊക്കെത്തന്നെയാണ് നടത്തം. പുറത്തു പോകാറില്ല. ''ലഞ്ച് എല്ലാവരും ഒരുമിച്ചു കഴിക്കും. മുമ്പ് ചില ദിവസമേ വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചിരുന്നുള്ളൂ. അതിനേ കഴിയുമായിരുന്നുള്ളൂ എന്നു പറയുന്നതാണ് ശരി. ഇപ്പോൾ വീട്ടിലെ പൂജാമുറിയിൽ പൂജ ചെയ്യാൻ സമയം കിട്ടുന്നു. നേരത്തെ ഒരു പോറ്റി വരുമായിരുന്നു ഇപ്പോൾ അദ്ദേഹത്തിനു വരാൻ കഴിയുന്നില്ല,​ അതുകൊണ്ട് ഞാൻ തന്നെ പൂജ ചെയ്യും''. സുഹാസ് പറഞ്ഞു.

ഓഫീസ് കാര്യങ്ങൾ ഒരു മണിക്കൂർ

ലോക്ക് ഡൗണാകുന്നതിനു മുമ്പ്, ദിവസവും രാവിലെ ഒൻപതരയോടെ ആയിരുന്നു സുഹാസിന്റെയും ഗായത്രിയുടെയും ഒാഫീസിൽപ്പോക്ക്. അർബൻസ്കേപ്പ് പ്രോപ്പർട്ടീസിനു പുറമെ ഭീമയുടെ എം.ജി റോഡിലെ ഓഫീസിലും പോകും ഗായത്രി രാത്രി എഴര- എട്ടോടെ വീട്ടിലെത്തും സുഹാസ് വരാൻ ഒൻപതരയാകും. രാവിലെ കൃത്യം അഞ്ചിന് ഉണരുന്നതാണ് സുഹാസിന്റെ ശീലം. ജിമ്മിൽ പോകും. ഏഴു വരെ അവിടെ. അതുകഴിഞ്ഞ് വീട്ടിലെത്തി അര മണിക്കൂർ പത്രം വായിക്കും. കുളി,​ പ്രാർത്ഥന... അതൊക്കെ കഴിയുമ്പോഴേക്കും തിരക്കാകും. ആളുകളോട് സംസാരിക്കാൻ കൂടി സമയം തികയുന്നില്ലല്ലോ എന്ന് സങ്കടം തോന്നും- ഇരുവരും പറയുന്നു. ഇപ്പോൾ ഓഫീസ് കാര്യം രണ്ടു മണിക്കൂറിൽ ഒതുങ്ങും. ജീവനക്കാരുമായി ഒരു മണിക്കൂ‌ർ ഓൺലൈൻ മീറ്റിംഗ്. ഇപ്പോഴത്തെ പ്രശ്നങ്ങൾ,​ ലോക്ക്ഡൗണിനു ശേഷമുള്ള പ്ളാനിംഗ്. പക്കാ ബിസിനസ് കാര്യങ്ങൾ...

വൈകിട്ട് ആറാകുമ്പോൾ എല്ലാവരും ടി.വിക്കു മുന്നിൽ ഹാജർ. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ലൈവായി കാണാൻ. നേരത്തെ പകൽ വീട്ടിലില്ലായിതിരുന്നതുകൊണ്ട് പത്രം വരുത്തുന്നില്ലായിരുന്നു. ഇപ്പോൾ പത്രം വരുത്തുന്നു. വായിക്കാൻ സമയമുണ്ടല്ലോ. ക‌ർണാടകയിലെ ഷിമോഗയാണ് സുഹാസിന്റെ സ്വദേശം. ''എന്റെ മാതാപിതാക്കൾ ഇവിടെ ഒപ്പമുണ്ട്. എന്നാലും ഇടയ്ക്ക് ഓ‌ർമ്മകൾ ഷിമോഗയിലേക്കു പോകും. നാട്ടിലെ കൂട്ടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. അതിൽ ആക്ടീവായി. നേരത്തെ അതൊന്നും നോക്കാൻ സമയം കിട്ടിയിരുന്നില്ല,​ ഇപ്പോൾ അവരുടെ പരാതിയും തീർന്നു.'' എന്ന് സുഹാസ്.

വായന തിരിച്ചു പിടിച്ച് ഗായത്രി

കോളേജിൽ പഠിക്കുമ്പോൾ ഗായത്രി നന്നായി വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു. ഇപ്പോൾ വായന തിരിച്ചു വന്നുവെന്ന് ഗായത്രി .''ടിവിയിൽ കാണുന്ന വാർത്തകളെക്കുറിച്ച് വീട്ടിൽ ചർച്ച ചെയ്യും കുട്ടിക്കാലത്തെക്കുറിച്ച് ചിന്തിക്കും. കുട്ടികളുമായി അതു പങ്കുവയ്ക്കും. ഞാൻ വളർന്നത് കൊച്ചിയിലാണ്. അമ്മയുടെ വീട് ഊട്ടിയിലായിരുന്നു. കസിൻസൊക്കെ അവിടെ ഉണ്ട്. വേനൽക്കാല അവധിക്ക് ഊട്ടിയിൽ പോയിരുന്നതൊക്കെ സുവർണ ഓർമ്മകളാണ്.

ഞാനും ഭർത്താവു കുട്ടികളും എല്ലാവരും കൂടി പാട്ടു കേൾക്കും. കർണ്ണാടിക്കും വെസ്റ്റേണും ഇഷ്ടമാണ്. മൂത്തവൾ ‌ഡാൻസ് ചെയ്യും. രണ്ടു പേർക്കും കർണ്ണാട്ടിക് അറിയാം. ഞാൻ വീണ പഠിച്ചിട്ടുണ്ട്. സുഹാസ് നന്നായി പാടും. രാത്രി സിനിമ കാണും. 'ഇഷ്ക്' എന്ന മലയാളം സിനിമ ഇഷ്ടപ്പെട്ടു. ഇനി ഓസ്കർ കിട്ടിയ 'പാരസൈറ്റ്' കാണണം. അയ്യപ്പനു കോശിയും ഇഷ്ടപ്പെട്ടു. പൃഥ്വിരാജിനെ ഇഷ്ടമാണ് എല്ലാവർക്കും.

ചിന്തകളിൽ സ്വന്തം കുടുംബം മാത്രമല്ല

ലാഭം തരുന്ന വലിയൊരു സീസണാണ് നഷ്ടപ്പെട്ടത്. അതോർക്കുമ്പോൾ വിഷമിക്കാറുണ്ട്. നമ്മുടെ കുടുംബത്തെക്കുറിച്ചു മാത്രമല്ല സ്റ്റാഫിന്റെ കുടുംബത്തെപ്പറ്റിയും ആലോചിക്കും- രണ്ടു പേരും പറഞ്ഞു. അവർക്ക് ശമ്പളം മുടക്കമില്ലാതെ കൊടുക്കും. നമ്മളെ ആശ്രയിച്ചു നിൽക്കുന്നവരാണ്. നമ്മൾ വിൽക്കുന്നത് അത്യാവശ്യ സാധനമല്ലല്ലോ. തുറന്നു കഴിഞ്ഞാൽ പതിവു പോലെ ആളുകൾ എത്തുമോ?​ എങ്ങനെയെന്ന് അറിയില്ലല്ലോ,​ പിന്നെ കല്യാണങ്ങൾ കുറെ വരേണ്ട കാലമാണ്. കുറെ ഫോൺ വിളികൾ എത്തുന്നുണ്ട്. അതേസമയം നാടുമുഴുവൻ ടെൻഷനിലാണ്. ഭീമയിൽ ആഭരണങ്ങളും കൗണ്ടറുകളുമെല്ലാം അണുവിമുക്തമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. ഷോറൂമിൽ നമസ്കാരം മാത്രമെ ഉള്ളൂ, ഷേക്ക് ഹാൻഡ് ഇല്ല. നമ്മുടെ സംസ്കാരത്തിലെ നല്ല കാര്യങ്ങളിലേക്ക് തിരിച്ചുവരണം- സുഹാസും ഗായത്രിയും പറയുന്നു.