കാഠ്‌മണ്ഡു : 20ലേറെ കൊലപാതകക്കേസുകളിൽ പ്രതി, പിടിയിൽ നിന്നും പലപ്പോഴും വഴുതി മാറിയ സീരിയൽ കില്ലർ... ഒരുപക്ഷേ, സെലിബ്രിറ്റി പരിവേഷം ലഭിച്ച ഒരു സീരിയൽ കില്ലർ വേറെ കാണില്ലെന്ന് പറയാം. ' സന്മനസുള്ളവർക്ക് സമാധാനം ' എന്ന ചിത്രത്തിൽ തിലകൻ മോഹൻലാലിനോട് പറയുന്ന ഒരു ഡയലോഗ് ഓർമയില്ലേ....' ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ..' ! അതെ, ഇപ്പോൾ നേപ്പാളിലെ കാഠ്‌മണ്ഡു സെൻട്രൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധനായ ആ കൊലയാളിയെ പറ്റിയാണ് പറഞ്ഞു വരുന്നത്. 16 വർഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജ് പുറംലോകം കാണാനൊരുങ്ങുകയാണോ ?.
ലഭിക്കുമോ ഇളവ്
ചാൾസ് ശോഭരാജിന് ഇപ്പോൾ 75 വയസാണ്. പ്രായാധിക്യമുള്ള തടവുകാർക്ക് ഇളവുകൾ നൽകി അവരെ സീനിയർ സിറ്റിസൺ ആക്ട് പ്രകാരം ജയിലിൽ നിന്നും മോചിപ്പിക്കാൻ അറ്റോർണി ജനറൽ ശുപാർശ ചെയ്‌തതായാണ് റിപ്പോർട്ട്. വാർദ്ധ്യം പരിഗണിച്ച് ജയിലിൽ നിന്നും മോചിപ്പിക്കാൻ ശുപാർശ ചെയ്‌ത 65 വയസിനു മുകളിലുള്ള 13 തടവുകാരുടെ ലിസ്റ്റിൽ ചാൾസ് ശോഭരാജുമുണ്ട്.
തടവുകാർക്ക് ഇളവ് നൽകുന്ന കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കുന്നത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തടവുകാരുടെ എണ്ണം കുറയ്ക്കാനായാണ് തടവുകാർക്ക് ഇളവ് നൽകാനുള്ള നീക്കം. അതേ സമയം സീനിയർ സിറ്റിസൺ ആക്ട് നേപ്പാളി പൗരന്മാർക്ക് മാത്രമാണ് ബാധകം. കൊലപാതകക്കുറ്റത്തിൽ ശിക്ഷ അനുഭവിക്കുന്ന ചാൾസ്, ഫ്രഞ്ച് പൗരനായതിനാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാദ്ധ്യത കുറവാണെന്നാണ് ജയിൽ അധികൃതർ പറയുന്നത്. നിലവിൽ ചാൾസിന്റെ ആരോഗ്യസ്ഥിതി മോശമാണ്. മൂന്ന് വർഷം മുമ്പ് 2017ൽ ഹൃദയാഘാതത്തെ തുടർന്ന് ചാൾസ് ശോഭരാജ് കാഠ്മണ്ഡുവിലെ ഒരു ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
വിറപ്പിച്ച കൊലയാളി
1944ൽ വിയറ്റ്നാമിലെ സൈഗോണിൽ ജനിച്ച ചാൾസിന്റെ അമ്മ വിയറ്റ്നാമിയും അച്ഛൻ ഇന്ത്യക്കാരനുമാണ്. ചെറുപ്പത്തിൽ നേരിട്ട അവഗണനകളാണ് ചാൾസിനെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് നയിച്ചത്. ഏഷ്യയിൽ ചാൾസ് ചെയ്‌തിട്ടില്ലാത്ത കുറ്റകൃത്യങ്ങൾ ചുരുക്കമാണ്. കള്ളക്കടത്ത് മുതൽ നരഹത്യവരെ ഇതിൽപ്പെടുന്നു. വിദേശ ടൂറിസ്റ്റുകളായിരുന്നു ചാൾസ് ശോഭരാജിന്റെ ഇരകൾ. ഒരു ഡസനോളം കൊലപാതകങ്ങൾ തെളിഞ്ഞു. ചാൾസിന്റെ കുറ്റകൃത്യങ്ങളിൽ തെളിയിക്കപ്പെടാൻ ഇനിയും ബാക്കി. ഇന്ത്യ, തായ്‌ലൻഡ്, നേപ്പാൾ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങളിലായി 20 ലേറെ കൊലപാതകക്കേസുകൾ ആരോപിക്കപ്പെട്ട ചാൾസ് ' ബിക്കിനി കില്ലർ ' ' ദ സർപന്റ് ' എന്നിങ്ങനെയൊക്കെയാണ് അറിയപ്പെടുന്നത്. പല വേഷങ്ങളിൽ അവതരിച്ച് കൊലപാതകങ്ങൾ ചെയ്‌തുകൂട്ടിയ ചാൾസ് ഒട്ടേറെ ത്രില്ലർ സിനിമകൾക്കും പുസ്‌തകങ്ങൾക്കും ആധാരമായിട്ടുണ്ട്. 70കളിലും 80 കളിലും ചാൾസിനെ വലയിൽ വീഴ്]ത്താൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ പൊലീസുകാർ വലവിരിച്ച് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പിടിക്കപ്പെട്ട് കഴിഞ്ഞാൽ രക്ഷപ്പെടാനുള്ള വഴികൾ കണ്ടെത്തുന്നതിലും വിദഗ്‌ധനായിരുന്നു ചാൾസ് ശോഭരാജ്.
ഇന്ത്യയ്ക്ക് പുറമേ ഗ്രീസ്, അഫ്‌ഗാൻ, ഇറാൻ എന്നീ രാജ്യങ്ങളിലും ചാൾസ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒരു വശത്ത് ക്രൂരനായ സീരിയൽ കില്ലറെന്ന പേരിൽ ലോകം ഭയന്നപ്പോൾ മറ്റൊരു വശത്ത് ചാൾസ് ശോഭരാജിന് ആരാധിച്ചവരുമുണ്ടായിരുന്നു. ഫ്രഞ്ച് വിനോദസഞ്ചാരികൾക്ക് വിഷം നൽകിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊലപ്പെടുത്തിയതിനും ഇന്ത്യയിൽ അറസ്റ്റിലായ ചാൾസ് 1986ൽ ഡൽഹി തീഹാർ ജയിലിൽ നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാൽ ഒരുമാസത്തിനുള്ളിൽ വലയിലായ ചാൾസ് 1997ലാണ് ജയിൽ മോചിതനായത്. ശേഷം പാരീസിലേക്ക് കടന്ന ചാൾസ് 2003ലാണ് നേപ്പാളിലെത്തിയത്. എന്നാൽ അവിടെയും ചാൾസിന് കുരുക്ക് വീണു. 1975ൽ രണ്ട് അമേരിക്കൻ, കനേഡിയൻ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയ കേസിൽ നേപ്പാൾ കോടതി ചാൾസിന് ജീവപര്യന്തം വിധിച്ചു.