pakistan-

​​ലാഹോർ: ഇന്ത്യയിൽ കോവിഡ് 19 വൈറസ് വ്യാപനത്തിലെ ഹോട്ട്സ്പോട്ട് ആയി മാറിയ നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിനു സമാനമായി പാകിസ്താനിലും മത സമ്മേളനം നടന്നതിൽ അധികൃതർ കടുത്ത ആശങ്കയിൽ .പഞ്ചാബ് പ്രവിശ്യയിൽ നടന്ന സമ്മേളനത്തിൽ രണ്ട് ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. മാർച്ച് പതിനൊന്നിനായിരുന്നു സമ്മേളനം തുടങ്ങിയത്. അഞ്ചു ദിവസത്തെ സമ്മേളനത്തിൽ രണ്ടര ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. രാജ്യത്ത് കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്തതിനാൽ 13-ന് സമ്മേളനം നിറുത്തിവയ്ക്കുകയായിരുന്നു. കോവിഡ് മൂലമല്ലെന്നും മഴമൂലമാണ് സമ്മേളനം നിറുത്തിവച്ചതെന്നും റിപ്പോർട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത നൂറിലധികം പേർക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്തവരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മിക്കവരും ഇത് ഗൗനിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.


പകർച്ചവ്യാധി ലോകത്താകെ പടർന്നുപിടിക്കുന്ന അവസരത്തിൽ സമ്മേളനത്തിന് അനുമതി നൽകിയ അധികൃതരുടെ നിലപാടിനെതിരെ വ്യാപകമായി വിമർശനമുയരുന്നുണ്ട്. ലോക്ക്ഡൗൺ എന്നതിനെ ലോകമാകെ അംഗീകരിക്കുമ്പോൾ മോശം ആശയമായാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇപ്പോഴും കാണുന്നത്. ആയിരത്തോളം പേർക്ക് കോവിഡ് ബാധിച്ചെങ്കിലും രാജ്യത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതമല്ലെന്നും ആക്ഷേപമുണ്ട്. രാജ്യത്തെ അതിർത്തിപ്രദേശങ്ങളിലുൾപ്പെടെ താമസിക്കുന്നവർക്ക് കോവിഡ് രോഗത്തെപ്പറ്റി വേണ്ടത്ര അറിവില്ല. ഇവരെ ബോധവാന്മാരാക്കാൻ വേണ്ട നടപടികളും അധികൃതർ സ്വീകരിക്കുന്നില്ല.