nes

വെല്ലിംഗ്ടൺ: കൊവിഡ് വ്യാപനം ക്രിക്കറ്റ് പരമ്പരകളെ തകിടം മറിച്ചു.മാർച്ച് 29 ന് ആരംഭിക്കേണ്ടിയിരുന്ന ഐ.പി.എൽ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതിന് പിന്നാലെ അന്താരാഷ്ട്ര പരമ്പരകളെല്ലാം ഉപേക്ഷിക്കുകയാണ്.

യൂറോപ്പിലും വെസ്റ്റിൻഡീസിലും നടത്താനിരുന്ന പരമ്പരകൾ ന്യൂസിലൻഡ് റദ്ദാക്കിയേക്കും. ബംഗ്ലദേശ് പരമ്പരയും റദ്ദാക്കിയേക്കും. അയർലൻഡ്, സ്‌കോട്ട്ലൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിലേക്കാണ് ആദ്യ പരമ്പര ലക്ഷ്യമിട്ടിരുന്നത്. പിന്നീട് വെസ്റ്റിൻഡീസിലേക്കും പരമ്പര നിശ്ചയിച്ചു. ജൂൺ, ജൂലായ് മാസങ്ങളിൽ നടത്താനിരുന്ന ഈ മത്സരങ്ങൾ റദ്ദാക്കുമെന്ന് ഉറപ്പായി. ആഗസ്റ്റിലാണ് ബംഗ്ലദേശിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. ഇതും നടക്കില്ലെന്നാണ് അറിയുന്നത്.

സാഹചര്യങ്ങൾ വളരെ നിരാശാജനകമാണെന്നാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ചീഫ് എക്സിക്യുട്ടീവ് ഡേവിഡ് വൈറ്റിന്റെ പ്രതികരണം. ലോകമെങ്ങും കൊവിഡ് വ്യാപിക്കുകയാണ്. തങ്ങൾക്ക് എല്ലാവരുടെയും ആരോഗ്യം പ്രധാനമാണെന്നും ന്യൂസിലൻഡിന്റെ ക്രിക്കറ്റ് ഭാവി മാത്രമാണ് ഇപ്പോൾ മുന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം ന്യൂസിലൻഡ് വനിതാ ടീം ശ്രീലങ്കയിലേക്ക് നടത്താനിരുന്ന യാത്ര റദ്ദാക്കി.

മാർച്ചിൽ ഓസ്‌ട്രേലിയയിൽ പരമ്പരയ്‌ക്കെത്തിയ ന്യൂസിലൻഡ് കെറോണ ഭീഷണി ഉയർന്നതോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ആദ്യ മത്സരം അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടന്നെങ്കിലും പരമ്പര തുടരാനാകില്ലെന്ന് ഉറപ്പായതോടെ റദ്ദാക്കേണ്ടി വന്നു. മാർച്ച് 15 മുതൽ ന്യൂസിലൻഡിലേക്കുള്ള വഴികളെല്ലാം അടയ്ക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതോടെ ടീം ഉടനടി സ്വന്തം രാജ്യത്ത് എത്തിച്ചേരുകയായിരുന്നു.