fl

ദുബായ്: യു.എ.ഇ പ്രഖ്യാപിച്ചിരുന്ന വിമാന യാത്രാ വിലക്ക് നീക്കിയിട്ടില്ലെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിട്ടി അറിയിച്ചു. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപോകാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് താത്കാലിക അനുമതി നൽകുന്നതെന്നും സിവിൽ ഏവിയേഷൻ അതോറിട്ടി ട്വീറ്റ് ചെയ്തു.

യു.എ.ഇയിലേക്ക് വരുന്നതും പോകുന്നതുമായ വിമാനങ്ങൾക്കും ട്രാൻസിറ്റ് വിമാനങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിട്ടി അറിയിച്ചു. യു.എ.ഇയിലുള്ള സന്ദർശകർക്കോ താമസക്കാർക്കോ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്കായാണ് താത്കാലിക സർവീസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ആരോഗ്യപ്രതിരോധ മന്ത്രാലയം നിർദേശിക്കുന്ന എല്ലാ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിക്കൊണ്ടായിരിക്കും അത്തരം യാത്രകൾ അനുവദിക്കുക.

തിങ്കളാഴ്ച മുതൽ സർവീസുകൾ തുടങ്ങുമെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് ലണ്ടൻ ഹീത്രു, ഫ്രാങ്ക്ഫർട്ട്, പാരിസ്, ബ്രസൽസ്, സൂറിച്ച് എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ വിമാനങ്ങൾ. ലണ്ടനിലേക്ക് ആഴ്ചയിൽ നാല് സർവീസുകളും മറ്റ് നഗരങ്ങളിലേക്ക് മൂന്ന് സർവീസുകളുമുണ്ടാകും.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ നിന്നായിരിക്കും സർവീസുകൾ. യു.എ.ഇയിൽ നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാർക്ക് മാത്രമേ നിലവിൽ യാത്രചെയ്യാനാവൂ. ചരക്കുകൾ കൊണ്ടുപോകുന്നതിനും ഇതേവിമാനങ്ങൾ തന്നെ ഉപയോഗിക്കും.

ബിസിനസ്, ഇക്കണോമി ക്ലാസുകളിലേക്ക് വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാവും. വിമാനങ്ങളെ അണുവിമുക്തമാക്കുന്നതുൾപ്പെടെയുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.