തിരുവനന്തപുരം: ചില ജില്ലകളിൽ കമ്യൂണിറ്റി കിച്ചണുകൾ തടസപ്പെട്ടുവെന്ന വാർത്ത തെറ്റാണെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ഭക്ഷണം ആവശ്യമുള്ളവർക്ക് നൽകും. മുൻദിവസങ്ങളെ അപേക്ഷിച്ച് ഭക്ഷണം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റുകൾ നൽകിയതിനാലാണിത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഭക്ഷണവിതരണം തടസപ്പെടുന്ന അവസ്ഥയില്ല. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് തനതുഫണ്ടിനൊപ്പം പ്ളാൻ ഫണ്ടുകൂടി കമ്യൂണിറ്റി കിച്ചണുകൾക്ക് ഉപയോഗപ്പെടുത്താമെന്ന ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രീകൃത സ്വഭാവമില്ലാതെ ചിലർ സ്വതന്ത്രമായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇത് കേന്ദ്രീകൃതമാക്കിയാൽ ഭക്ഷണം നഷ്ടമാകുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.