കടയ്ക്കാവൂർ: കവലയൂർ മാടൻ കാവിന് സമീപത്തെ വർക്ക്ഷോപ്പിൽ ഒളിപ്പിച്ചിരുന്ന ഒരു കണ്ടെയ്‌നർ പഴകിയ മത്സ്യം കടയ്ക്കാവൂർ പൊലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. സി.ഐ ശിവകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെയ്‌നർ കണ്ടെത്തിയത്. ആലംകോട് മത്സ്യമൊത്ത വിതരണ ചന്ത പൂട്ടിയതോടെ ചെറുകിട വില്പനക്കായി സലീം എന്നയാൾ ആന്ധ്രയിൽ നിന്നെത്തിച്ചതാണ് ഫോർമാലിൻ കലർത്തിയ മത്സ്യം.ചാള, ചൂര ഇനത്തിൽപ്പെട്ട മീനുകളാണ് പിടികൂടിയവയിലേറെയും. കണ്ടെയ്‌നർ തൊഴിലാളികളായ ഫക്രുദീൻ(38),അസ്ലം (25) എന്നിവരെ നിരീക്ഷണത്തിലാക്കി. എസ്.ഐ വിനോദ് വിക്രമാദിത്യൻ,എ.എസ്.ഐമാരായ മാഹിൻ,മുകുന്ദൻ,മഹേഷ്,എസ്.പി.ഒ ശ്രീകുമാർ,സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ചിത്രപാൽ,മണമ്പൂർ പി.എച്ചിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീദേവി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.